‘മമ്മൂട്ടി അഭിനയിച്ച ഈ സിനിമ തിയേറ്ററിൽ വരും, എത്ര പേർ വരുമെന്ന് കാണാം..’ – കൂവലിന് മറുപടി നൽകി രഞ്ജിത്ത്

ഒരു കേരള ചലച്ചിത്ര ഫെസ്റ്റിവലിന് കൂടി സമാപനം ആയിരിക്കുകയാണ്. ഏറെ വിവാദങ്ങൾ നിറഞ്ഞൊരു ഫെസ്റ്റിവൽ ആയിരുന്നില്ലെങ്കിൽ കൂടിയും ഈ തവണ ഒറ്റ കാരണം കൊണ്ട് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. മലയാളി സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം എന്ന സിനിമ മത്സര വിഭാഗത്തിൽ റിലീസ് ചെയ്തിരുന്നു.

സിനിമയുടെ റിസർവേഷൻ സംബന്ധിച്ച അപാകതകൾ ചൂണ്ടിക്കാണിച്ച് ഡെലി​ഗേറ്റുകൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.എഫ്.എഫ്.കെയുടെ സമാപനവേദിയിൽ രഞ്ജിത്ത് സ്വാഗത പ്രസംഗം നടത്താൻ എത്തിയപ്പോൾ ചിലർ കൂവി പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. കൂവൽ ഏറ്റുവാങ്ങിയ രഞ്ജിത്ത് പ്രസംഗത്തിൽ അതിന് വേണ്ട മറുപടിയും കൊടുത്തിരുന്നു. ഇതിന് കാണികളിൽ പലരും കൈയടിച്ച് രഞ്ജിത്തിന് പിന്തുണ നൽകുകയും ചെയ്തിരുന്നു.

പ്രസംഗത്തിന് ഇടയിൽ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ പ്രശ്നമായിരിക്കുകയാണ്. “സ്വാഗത വചനമാണോ കൂവലാണോ എന്ന് എനിക്ക് മനസ്സിലായില്ല. കൂവൽ ഒന്നും തനിക്ക് പുത്തരിയല്ല. 1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നുമല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. ഒരു മാധ്യമപ്രവർത്തകൻ എന്നോട് പറഞ്ഞിരുന്നു. ചേട്ടൻ സംസാരിക്കുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് പ്ലാൻ ചെയ്തിരിക്കുന്നു എന്നത്. നല്ല കാര്യം..!

കൂവി തെളിയിക്കുക തന്നെ വേണം.. എനിക്ക് നന്ദി പറയാനുളളത് ഈ യുവതത്തോടെയാണ്. അവരാണ് ഈ അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്ര ഭംഗിയായി നടത്തി അവസാനിപ്പിച്ചത്. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയുടെ ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ, തിയേറ്ററുകളിൽ വരും. അപ്പോൾ എത്ര പേര് കാണാനുണ്ടാകുമെന്ന് നമ്മുക്ക് കാണാം..”, രഞ്ജിത്ത് പറഞ്ഞു. ഇതാണ് മമ്മൂട്ടി ആരാധകരെ സോഷ്യൽ മീഡിയയിൽ ചൊടിപ്പിച്ചത്.