‘ചെയ്തത് ശരിയല്ല എന്ന് അറിയാമായിരുന്നു, എന്റെ പക്വതക്കുറവ് കൊണ്ട് സംഭവിച്ചത്..’ – തെറ്റുകൾക്ക് സോറി പറഞ്ഞ് ജ്യോതി കൃഷ്ണ
മമ്മൂട്ടി നായകനായി അഭിനയിച്ച ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ജ്യോതി കൃഷ്ണ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് ജ്യോതിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ജ്യോതി ആ സിനിമയിൽ ഒരു തേപ്പുകാരിയായ ഭാര്യയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്.
സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം ചില വിവാദങ്ങളിലും അതുപോലെ തന്നെ ഓൺലൈൻ അതിക്രമങ്ങൾക്കും താരം നേരിടേണ്ടി വന്നിട്ടുണ്ട്. നടി രാധികയുടെ അരുൺ ആനന്ദുമായി വിവാഹിതയായ ജ്യോതി വിവാഹജീവിതത്തിലേക്ക് കടന്ന ശേഷം അഭിനയത്തിന് ബ്രേക്ക് ഇട്ടിരിക്കുകയാണ്. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ജ്യോതി.
ജ്യോതി ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയുടെ മുന്നിലേക്ക് വച്ച പുതിയ ഒരു ചലഞ്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജീവിതത്തിൽ ചിലരോടൊക്കെ ചെയ്ത ചെറിയ തെറ്റുകൾക്ക് പോലും സോറി പറയാൻ മടി കാണിച്ചയൊരാളാണ് താനെന്നും അതുകൊണ്ട് തന്നെ തെറ്റുചെയ്തവരോട് ഒരു സോറി ചലഞ്ചുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ജ്യോതികൃഷ്ണ.
‘പല തെറ്റുകളും നമ്മൾ ചെയ്തിട്ട് ഒരു സോറി പോലും പറയാതെ ഈഗോ വച്ചിട്ട് നമ്മളങ്ങ് പോകും.. എന്റെ ജീവിതത്തിലും ചില തെറ്റുകൾ പറ്റിയിട്ട് സോറി പറഞ്ഞതുമുണ്ട് പറയാതെ പോയവരുമുണ്ട്. അത്തരത്തിൽ ചിലരോടാണ് ഞാൻ ഇപ്പോൾ സോറി പറയാൻ പോകുന്നത്. നമ്മളുടെ എല്ലാവരുടെയും പ്രിയങ്കരനായ നാഷണൽ അവാർഡ് വിന്നർ കൂടിയായ സലിം കുമാറിനോടാണ്.
2013-ൽ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. സെറ്റിൽ വച്ചിട്ട് എന്റെ പക്വത കുറവ് കൊണ്ടാണ് അത് സംഭവിച്ചതെന്നാണ് എനിക്ക് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നത്. ചെറിയ ഒരു കാര്യത്തിന് എനിക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റാതെ വന്നപ്പോൾ ഞാനും സലീമേട്ടനും നല്ല രീതിയിൽ ഒരു വഴക്കുണ്ടായി. ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചില്ല.
സിനിമയുടെ ഷൂട്ട് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞിട്ടും ഞാൻ സലീമേട്ടനോട് മാത്രം യാത്ര പറയാതെ പോയി. ഞാൻ ചെയ്തത് ശരിയല്ല എന്ന് എനിക്കും അറിയാമായിരുന്നു. ആ ഒരു പ്രായത്തിന്റെയും കുറച്ച് വാശിയും.. ആരോടാണ് ചെയ്‌തെന്ന് ആലോചിക്കുമ്പോൾ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുകയാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അന്നത്തെ ആ പെരുമാറ്റത്തിന് സോറി..’, ജ്യോതി കൃഷ്ണ വീഡിയോയിലൂടെ പറഞ്ഞു. വേറെയും ചിലരോട് ജ്യോതി വീഡിയോയിലൂടെ ക്ഷമ പറഞ്ഞിട്ടുണ്ട്.