‘പിന്നെ എന്താണ് ജീവിതത്തിന്റെ ഉദ്ദേശം?’ – മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതാപ് ആരാധകന് നൽകിയ മറുപടി
ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എഴുപത് വയസ്സായിരുന്നു. 1952-ൽ തിരുവനന്തപുരം ജില്ലയിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ കുളത്തുങ്കൽ പോത്തന്റെ മകനായി ജനിച്ച പ്രതാപ് പോത്തൻ സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലേക്ക് എത്തിച്ചത്.
ഭരതന്റെ ചിത്രമായ ആരവത്തിലൂടെയാണ് പ്രതാപ് അരങ്ങേറുന്നത്. എൻപതുകളിലെ മലയാളം, തമിഴ് ഭാഷകളിൽ പ്രതാപ് പോത്തൻ നിരവധി സിനിമകളിൽ നായകനായും വില്ലനായുമെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. പത്തിൽ അധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് പ്രതാപ് പോത്തൻ. ഡെയ്‌സി, മോഹൻലാലിന് ഒപ്പമുള്ള ഒരു യാത്രമൊഴി എന്നീ സിനിമകൾ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലായിരുന്നു പ്രതാപ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. സി.ബി.ഐ 5 ആയിരുന്നു അവസാനം റിലീസ് ആയത്. മികച്ച നടനുള്ള 2 ഫിലിം ഫയർ അവാർഡുകളും സംസ്ഥാന അവാർഡിൽ പ്രതേക പരാമർശനത്തിന് ഒരു തവണ അർഹനാവുകയും ചെയ്തിരുന്നു. സിനിമയ്ക്ക് പുറത്തും പ്രതാപ് പോത്തൻ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാളായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം പ്രതാപ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റുകൾ പോലും അത് വ്യക്തമാക്കുന്നതാണ്.
“കലയിൽ ഞാൻ കരുതുന്നു, പ്രത്യേകിച്ച് സിനിമകളിൽ, ആളുകൾ സ്വന്തം അസ്തിത്വം സ്ഥിരീകരിക്കാൻ ശ്രമിക്കുന്നു..”, പ്രതാപിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പാണ് ഇത്. “ബില്ലുകൾ അടക്കലാണ് ജീവിതം..”, പ്രതാപ് അതിന് മുമ്പ് ഇട്ട മറ്റൊരു പോസ്റ്റാണ്. ഒരു പോസ്റ്റിന്റെ താഴെ ഒരാളിട്ട കമന്റിന് അദ്ദേഹം നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ജീവിതത്തിന്റെ ഉദ്ദേശം എന്താണ് എന്നായിരുന്നു ചോദ്യം. “അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. എന്നാൽ ഇപ്പോൾ, അത് ‘അതിജീവിക്കുക’യാണെന്ന് ഞാൻ കരുതുന്നു..”, പ്രതാപ് മറുപടി നൽകി.