രജനി തമിഴനല്ല, അതുകൊണ്ടാണ് വിജയ്‌യെ പിന്തുണക്കാതിരുന്നത് – രജനികാന്തിനെ കുറ്റപ്പെടുത്തി വിജയ്‌യുടെ പിതാവ്
തമിഴകത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്യുടെ പിതാവ് എ.എ ചന്ദ്രശേഖര്‍ രംഗത്ത്. ഐബി ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ സംസാരിച്ചത്. ആദായനികുതി വകുപ്പിന്റെ പ്രത്യേക അന്വേഷണവുമായി ബന്ധപ്പെട്ട് വിജയ്യ്ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ രജനികാന്തും കമല്‍ ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ തങ്ങള്‍ക്ക് ഖേദം ഉണ്ടെന്നും ചന്ദ്രശേഖര്‍ പ്രകടിപ്പിച്ചു.
തന്റെ മകന് മാത്രമല്ല ഒരു തമിഴന്‍ ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ അവന് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത മറ്റൊരു തമിഴന് മനസിലാകേണ്ടത് അത്യാവശ്യമാണെന്നും അത് രജനികാന്തിന് മനസിലാകാത്തത് അദ്ദേഹം പുറത്തു നിന്ന് വന്ന ഒരാളായതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു.
തന്റെ മകന്‍ തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ അവന്റെ നിലപാടുകള്‍ വ്യക്തമായി രേഖപ്പെടുത്താറുണ്ടെന്നും അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ കൂട്ടിചേര്‍ത്തു.