ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണെന്ന് ഏറ്റുവാങ്ങിയവര്‍ക്കേ മനസിലാകു ! ശ്രീകുമാര്‍ മേനോന്‍
പാലക്കാട് മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയില്‍ അതിഥിയായി ക്ഷണിച്ച ശേഷം സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പൊതുപരിപാടിയില്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതില്‍ പിന്തുണ ശക്തമാകുന്നു. വേദിയില്‍ കുത്തി ഇരിക്കുന്നതിന്റേയും കരഞ്ഞു കൊണ്ട് സംസാരിക്കുന്നതിന്റെയും താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് വിഷയം ആളി കത്തിയത്. വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിനോടകം ഇട പെട്ടു കഴിഞ്ഞു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണിപ്പോള്‍.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് പറഞ്ഞത് കൂട്ടി ചേര്‍ത്താണ് ശ്രീകുമാര്‍ മേനോന്‍ പോസ്റ്റ് എഴുതിയത്. ബിനീഷ് ബാസ്റ്റ്യന്‍ കോളേജില്‍ നടത്തിയ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു പോയിരുന്നുവെന്നും ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്ര മാത്രം വേദനാ ജനകമാണ് എന്നത് തനിക്കറിയാമെന്നും താനത് ഏറ്റു വാങ്ങിയ ഒരാളാണെന്നും അദ്ദേഹം കുറിച്ചു. ബിനീഷ് ബാസ്റ്റ്യന്റെ വാക്കുകള്‍ ഒരോന്നും മലയാളികളുടെ മനസിനെ പൊള്ളിച്ച ഒന്നാണ്. ആ വാക്കിന്റെ ഒരോ പൊള്ളലും അതീ സമൂഹത്തിലേയ്ക്കും വീണ് പടരുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കുറിപ്പ് വായിക്കാം :
ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും.ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നത്.ബിനീഷ് ബാസ്റ്റ്യന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയു. ബിനീഷ് ബാസ്റ്റ്യന്റെ കണ്ണീര്‍ പൊള്ളുന്നതാണ്. വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുന്നു. പടരണം. പൊള്ളുന്ന സത്യമാണ് ആ യുവാവ് വിളിച്ചു പറഞ്ഞത്.
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറഞ്ഞതായി എവിടെയോ കണ്ടു. വളരെ നല്ലത്. ഫെഫ്ക വളരെ വേഗം ഇടപെട്ടത് ശ്രദ്ധിച്ചു. പ്രതിഷേധങ്ങളും ബിനീഷിനോടുള്ള ഐക്യദാര്‍ഢ്യങ്ങളും കണ്ടു.ബിനീഷ് ബാസ്റ്റ്യന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പാണിത്, ഈ കുറിപ്പ് കാണാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ.. ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്! ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ.