‘ആദ്യ സിനിമയിലെ വേഷം രഞ്ജിമാമയോട് ചോദിച്ചു വാങ്ങിയത്..’ – തുറന്നു പറഞ്ഞ് നടി നിരഞ്ജന അനൂപ്
രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലോഹം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിരഞ്ജന അനൂപ്. മുല്ലശേരി തറവാട്ടിലെ ഇളമുറക്കാരിയായ നിരഞ്ജന സിനിമയിലേക്ക് എത്തുന്നത് കുടുംബസുഹൃത്ത് കൂടിയായ രഞ്ജിത്തിന്റെ സിനിമയിലാണ്. അതിന് പിന്നിലുള്ള കാര്യം കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
രഞ്ജിത്ത് തിരക്കഥ എഴുതിയ ദേവാസുരം എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം നിരഞ്ജനയുടെ മുത്തച്ഛന്റെ ജീവിതവുമായി സാമ്യം ഉള്ളതായിരുന്നു. നിരഞ്ജനയുടെ കുട്ടികാലം മുതലേ രഞ്ജിത്തിനെ കാണുന്നതാണ്. കുട്ടികാലത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ ഒക്കെ നിരഞ്ജനയെ അദ്ദേഹം കൂടെ കൊണ്ടുപോകുമായിരുന്നു.
നടി രേവതിയും ഇടക്കൊക്കെ നിരഞ്ജനയുടെ വീട്ടിൽ വരും. ഒരുമിച്ച് പുറത്തുപോകുമ്പോൾ രേവതിയുടെ അടുത്ത് ആളുകൾ വന്ന് ഒപ്പംനിന്ന് ഫോട്ടോ എടുക്കുന്നതൊക്കെ താരം കണ്ടിട്ടുണ്ട്. തിരിച്ച് വീട്ടിൽ എത്തുമ്പോൾ അമ്മയോട് വന്ന ആ കാര്യങ്ങളൊക്ക പറയുമ്പോൾ അമ്മ രേവതി സെലിബ്രിറ്റി അല്ലേയെന്ന് മറുപടി പറയുമായിരുന്നു.
‘എനിക്ക് സിനിമയോട് ഇഷ്ടം തോന്നി തുടങ്ങുന്നത് അപ്പോഴാണ്. രഞ്ജിമാമയോട് ആണ് ആദ്യമായി ഞാൻ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. വീട്ടിൽ പറഞ്ഞപ്പോൾ പഠിക്കുന്ന സമയത്താണോ സിനിമ എന്നൊക്കെ ചോദിച്ചു. ഞാൻ വിടാതെ പിന്നാലെ നടന്ന കെഞ്ചിയിട്ടാണ് ലോഹത്തിൽ ഒരു വേഷം രഞ്ജിമാമ തന്നത്.
ലാൽ അങ്കിളിന് ഒപ്പമായിരുന്നു ആദ്യ ഷോട്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയും എന്നൊക്ക വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. സിനിമ ഇറങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോ പഠിക്കുന്നു, ഡാൻസ് ചെയ്യാറുണ്ട്, സിനിമയിൽ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഏത് സിനിമയിലാണ് ഏത് വേഷമാണ് എന്നൊക്കെ ആയിരുന്നു അടുത്ത ചോദ്യം.
പിന്നീട് സിനിമയുടെ പേരും പറഞ്ഞ് കഥയും പറയേണ്ടി വന്നു. ബി.ടെക്, ഇര എന്നീ സിനിമകൾക്ക് ശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തുടക്കകാരിയായി എനിക്ക് മമ്മൂട്ടി അങ്കിളിന്റെയും മോഹൻലാൽ അങ്കിളിന്റെയും കൂടെ അഭിനയിക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം..’ നിരഞ്ജന പറഞ്ഞു. ദേവാസുരത്തിലെ നീലകണ്ഠൻ തന്റെ മുത്തച്ഛന്റെ കഥയാണെന്നും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയം സിനിമയിലൂടെ കാണാൻ സാധിച്ചുവെന്നും നിരഞ്ജന പറഞ്ഞു.