‘ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസാരമായി കാണുന്ന അധികാരികൾ..’ – രോഷം പ്രകടിപ്പിച്ച് നടി സരയു മോഹൻ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തവും അതെ തുടർന്ന് നടക്കുന്ന ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്. സർക്കാരിന് എതിരെ ഇതുവരെ പ്രതികരിക്കാതെ ഇരുന്ന പലരും പ്രതികരിച്ച് രംഗത്ത് വന്നിട്ടുമുണ്ട്. കൊച്ചി കോർപറേഷന്റെയും കേരള സർക്കാരിന്റെയും പിടിപ്പുകേടുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നാണ് ആളുകളുടെ പ്രതികരണം. സിനിമ താരങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തിയിരുന്നു.
ഇപ്പോഴിതാ സിനിമ, സീരിയൽ നടിയായ സരയു മോഹൻ ബ്രഹ്മപുരം വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിലൂടെയാണ് സരയു പ്രതികരിച്ചത്. കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണെന്നും അത് അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരാളാണെന്നും ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ്, അതിപ്പോൾ പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലുമെന്ന് കുറിച്ചാണ് സരയു കുറിപ്പ് തുടങ്ങിയത്.
അവഗണനകൾ വേദനയാണ് സമ്മാനിക്കുന്നത്. ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസാരമായി കാണുന്ന ഒരു നാടും, അധികാരികളും, നേതൃ-ഭരണ സ്ഥാനത്തുള്ളവർ മനസ്സിൽ കോറിയിട്ട വേദനയുണ്ട്.. ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്.. ഒന്നും തന്നെ കാണാനായില്ലെന്നും മാരകമായ വി.ഷപുക ശ്വസിച്ചു ആരോഗ്യം തീറ്‍ എഴുതി കൊടുത്ത്, നിങ്ങളാണ് യഥാർത്ഥ മാലിന്യമെന്ന് മനസ്സിൽ അടി വരയിട്ട് ഉറപ്പിക്കുന്നുവെന്നും സരയു പോസ്റ്റിലൂടെ രേഖപ്പെടുത്തി.
വികസനം വന്നേ എന്ന് പുളകം കൊള്ളാനും പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗ പ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല.. മടുത്തു.. ചുമ ഉറക്കത്തിലും പുകമൂടിയ ഫ്ലാറ്റിന് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതല്ല, തെളിഞ്ഞ പ്രഭാതങ്ങളോ കിളികളോ ഒന്നും തന്നെയില്ല. നാട്ടിലെ ചെറുപ്പക്കാർ കൂടുവിട്ട് പറക്കുന്നു.. ഇനി ഈ നാടേ ഇല്ലാതാക്കുന്ന കാലമേ അറിയാനുള്ളുവെന്നും കുറിച്ചാണ് സരയു തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.