‘ഞങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണ്!! നിങ്ങൾക്ക് നാണമില്ലേ?’ – ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് എതിരെ വിമർശനവുമായി പാർവതി

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധവും അവരുടെ തൊഴിൽ സാഹചര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. താൻ നേരിട്ട് അനുഭവങ്ങൾ പങ്കുവച്ചപ്പോൾ സഹതപിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തത് ഇങ്ങനെ അവഗണിക്കാൻ ആയിരുന്നുവോയെന്ന് പാർവതി ചോദിക്കുന്നു.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ് 2017 ജൂലൈ 1-നാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ രൂപീകരിച്ചത്. മൂന്ന് അംഗ കമ്മീഷനിൽ ജസ്റ്റിസ് ഹേമയെ കൂടാതെ മുൻകാല നടി ശാരദ, മുൻ ബ്യൂറോക്രാറ്റ് കെ.ബി വത്സലകുമാരി എന്നിവരുമുണ്ടായിരുന്നു. 2019 ഡിസംബർ 31-ന് കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിന് ശേഷം ചലച്ചിത്ര വ്യവസായത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല എന്നതാണ് സത്യം. 2 വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിഷൻ മുമ്പ് തന്റെ അനുഭവങ്ങൾ പറഞ്ഞ നടി പാർവതി തന്നെ ഇപ്പോൾ രംഗത്ത് വന്നത് സർക്കാരിനെയും കമ്മീഷനെയും ഒരുപോലെ ചോദ്യമുന്നയിൽ നിർത്തിയിരിക്കുകയാണ്.

“ജസ്റ്റിസ് ഹേമയും അവരുടെ സഹ കമ്മറ്റി അംഗങ്ങളും അവരുടെ മുന്നിൽ ഇരുന്നു എന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ എല്ലാവരും സഹതാപവും കണ്ണീരും ആയിരുന്നു. “അയ്യോ!! എത്ര ഭയാനകം ആയിരുന്നു” എന്നൊക്കെ പറഞ്ഞത് ഈ നെറികേട് കാണിക്കാൻ ആയിരുന്നോ.. കുറ്റവാളികളെ സംരക്ഷിക്കാനല്ല റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കുമെന്ന് നിങ്ങൾ പറയുന്നു. പിന്നെ ആരെ സംരക്ഷിക്കാൻ ആണ്?

ഞങ്ങളെയോ? ഞങ്ങളെ സഹായിക്കുന്ന റിപ്പോർട്ട് രഹസ്യമാക്കി വെക്കുന്നതിലൂടെ ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണ്? പ്രസ്താവനകളിൽ നിന്ന് ഞങ്ങളുടെ പേരുകൾ തിരുത്തിയാൽ മതി. എന്നാൽ അത് ചെയ്യുന്നതിനുപകരം നിങ്ങൾ സത്യം അടക്കം ചെയ്യപ്പെടുമെന്ന് ഉറപ്പാക്കി!! ഞങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണ്.. നിങ്ങൾക്ക് നാണമില്ലേ? മനസ്സാക്ഷിയില്ലേ?! മറ്റ് പലരെയും പോലെ ഞാൻ നിങ്ങളുടെ മുന്നിൽ ഇരുന്നു, നിങ്ങളെ വിശ്വസിച്ചതിൽ എനിക്ക് വെറുപ്പാണ്..”, പാർവതി കുറിച്ചു.