‘കുടുംബവിളക്ക് താരം നൂബിൻ ജോണി വിവാഹിതനായി, വധു ആരാണെന്ന് കണ്ടോ..’ – ആശംസകളുമായി ആരാധകർ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോൾ വിജയകരമായി സംപ്രേക്ഷണം ചെയ്‌ത്‌ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന കുടുംബവിളക്ക്. 2020 ജനുവരി അവസാനം ആരംഭിച്ച പരമ്പര ഇതിനോടകം 600-ൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ തന്മാത്ര സിനിമയിലെ നായികയായ നടി മീര വാസുദേവനാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മീര വാസുദേവൻ അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രവുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ കഥ. കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കൂടാതെ വേറെയും ഒരുപിടി താരങ്ങൾ സീരിയലിൽ അഭിനയിക്കുന്നുണ്ട്. അതിൽ സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് മേനോനെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല.

നൂബിൻ ജോണി എന്ന താരമാണ് പ്രതീഷ് മേനോനായി സീരിയലിൽ അഭിനയിക്കുന്നത്. മൂന്നുമണി, തട്ടീം മുട്ടീം തുടങ്ങിയ സീരിയലുകളിലൂടെയാണ് നൂബിൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. കുടുംബ വിളക്കിൽ വന്ന ശേഷമാണ് നൂബിൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാകുന്നത്. അതിന് ശേഷം ഒരുപാട് ആരാധകരെയും നൂബിന് ലഭിച്ചു. നൂബിന് ഒരു പ്രണയമുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ടായിരുന്നു. ആരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

ഈ കഴിഞ്ഞ ദിവസം നൂബിന്റെ വിവാഹ നിശ്ചയത്തിന് മുന്നോടിയായി നൂബിൻ തന്റെ കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഒരു മ്യൂസിക് വീഡിയോയിലൂടെയാണ് നൂബിൻ ഈ കാര്യം അറിയിച്ചത്. ഡോക്ടർ ബിന്നി സെബാസ്റ്റ്യനാണ് താരത്തിന്റെ കാമുകി. ഇപ്പോഴിതാ നൂബിന്റെയും കാമുകിയായ ബിന്നിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്.

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് നൂബിനും ബിന്നിയും വിവാഹിതരാകുന്നത്. നൂബിൻ തന്നെയാണ് ഈ സന്തോഷ വിശേഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. ഇടുക്കി സ്വദേശിയാണ് നൂബിൻ. ക്രിസ്തീയ വിശ്വാസപ്രകാരമായിരുന്നു ഇവരുടെയും വിവാഹം നടന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമേ നൂബിന്റെ സീരിയലിലെ സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

CATEGORIES
TAGS