‘ട്രോളുകൾ വേദനിപ്പിച്ചു, ഞാൻ എന്താണോ അതാണ് ഞാൻ..’ – നിമിഷയുമായുള്ള അഭിമുഖത്തെ കുറിച്ച് ആനി

‘അമ്മയാണ് സത്യം’ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് ‘ആനി’. കുറച്ചു സിനിമകൾ മാത്രമേ ആനി ചെയ്തോളുവെങ്കിൽ കൂടിയും ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ ആനിക്ക് സാധിച്ചു. സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്ത ശേഷം താരം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.

പിന്നീട് നിരവധി ടി.വി ഷോകളിൽ അവതാരകയായി ആനിയെ മലയാളികൾ കണ്ടു. ആനീസ് കിച്ചൺ എന്ന അമൃത ടി.വിയിലെ പ്രോഗ്രാമിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറി. പാചക പ്രാധാന്യമുള്ള പരിപാടിയാണെങ്കിൽ കൂടിയും സിനിമ താരങ്ങളായിരുന്നു അതിൽ അതിഥി ആയി വന്നിരുന്നത്. അവരുടെ വിശേഷങ്ങളും ഭക്ഷണത്തെ കുറിച്ചുള്ള കാര്യങ്ങളുമാണ് പ്രോഗ്രാമിൽ ആനി ചോദിക്കാറുള്ളത്.

ഈ ലോക്ക് ഡൗൺ കാലത്ത് ആനീസ് കിച്ചണിലെ പഴയ എപ്പിസോഡുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. അതിൽ നടി നവ്യ നായർ വന്ന എപ്പിസോഡും നിമിഷ സജയൻ വന്ന എപ്പിസോഡുമാണ് ഇപ്പോൾ വിവാദങ്ങൾക്ക് ഇടയാക്കിയത്. അതിൽ തന്നെ നിമിഷയുമായുള്ള അഭിമുഖം ഒരുപാട് ട്രോളുകൾ ചെയ്യപ്പെടുകയും ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് ആനി ഇപ്പോൾ. ‘ട്രോളുകൾ വേദനിപ്പിച്ചു അൽപ്പം, എന്നാലും കാര്യങ്ങൾ പോസിറ്റീവായി എടുക്കാനാണ് എനിക്ക് ഇഷ്ടം. ആ അഭിമുഖം ഫുൾ കണ്ടവർ ട്രോൾ ചെയ്തിരുന്നെകിൽ കുറച്ചൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി. ഞാൻ ആ കുട്ടിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്റെ കാലത്ത് മേക്ക് അപ്പ് ഇല്ലാതെ അഭിനയിക്കാനുള്ള ഒരു റോളിനായി ഞാനും ആഗ്രഹിച്ചിരുന്നു.

നിമിഷക്ക് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചുവെന്ന് കേട്ടപ്പോൾ കൂടുതൽ അറിയാൻ ആകാംഷ കൂടി അതാണ് അവിടെ സംഭവിച്ചത്. എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു. മുത്തശ്ശിയും അമ്മായിമാരുമാണ് എന്നെ വളർത്തിയതും എങ്ങനെ ഞങ്ങളെ സ്വയം പര്യാപ്തരായായി ഒരു കുടുംബത്തെ പരിപാലിക്കുന്നതെന്നും പറഞ്ഞു തന്നതും.

അപ്പോൾ, അതിനപ്പുറം ചിന്തിക്കാൻ എനിക്കറിയുമായിരുന്നില്ല. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാൻ. ആ ഷോയുടെ പ്രേക്ഷകർ എന്നുപറയുന്നത് വീട്ടമ്മമാർ ആണ്. അതുകൊണ്ട് അവരുടെ ചിന്തകൾ അനുസരിച്ചാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിയില്ലാത്ത ആളാണ് ഞാൻ..’ ആനി പറഞ്ഞു.

CATEGORIES
TAGS