‘എനിക്കറിയാം അച്ഛന് തിരിച്ച് വരാനാകില്ലയെന്ന്..’ – വേദനിപ്പിച്ച് നടി ആൻ അഗസ്റ്റിന്റെ കുറിപ്പ്‌

‘എനിക്കറിയാം അച്ഛന് തിരിച്ച് വരാനാകില്ലയെന്ന്..’ – വേദനിപ്പിച്ച് നടി ആൻ അഗസ്റ്റിന്റെ കുറിപ്പ്‌

മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു നടൻ അഗസ്റ്റിൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2009-ൽ സ്ട്രോക്ക് വരികയും തുടർന്ന് അതിൽ നിന്ന് ഭാഗീകമായി തിരിച്ചുവരുവാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷേ കരൾ രോഗം മൂലം അദ്ദേഹം 2013-ൽ മലയാള സിനിമാപ്രേമികളോട് വിടപറഞ്ഞു.

അഗസ്റ്റിന്റെ മകളും സിനിമയിൽ സജീവമായിരുന്നു. 2010-ൽ ലാൽജോസ് ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ആൻ അഗസ്റ്റിൻ. 2013-ൽ അച്ഛൻ മരിച്ച വർഷത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ താരമാണ് ആൻ. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്.

ക്യാമറാമാൻ ജോമോൻ ടി ജോണിനെയാണ് ആൻ വിവാഹം ചെയ്തത്. ഇപ്പോൾ ആൻ അഭിനയത്തിൽ സജീവമല്ലെങ്കിൽ പോലും ഇൻസ്റ്റാഗ്രാം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം ആൻ അച്ഛനെ കുറിച്ച് എഴുതിയ കുറിപ്പാണ് ആരാധകരെ സങ്കടത്തിലാഴ്ത്തിയത്. ‘ചിലപ്പോഴൊക്കെ ഞാൻ അച്ഛാ എന്ന് ഉറക്കെ വിളിക്കാറുണ്ട്. പറ്റില്ലെങ്കിൽ പോലും ആ വിളിക്ക് തിരിച്ച് പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിക്കാറുണ്ട്.

തിരിച്ചുവരാനാകില്ലയെന്ന് എനിക്ക് അറിയാം, എങ്കിലും വന്നിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു. നിങ്ങളായിരുന്നു ഞങ്ങളുടെ ആശ്വാസം, വിമർശനം, ശക്തി.!! ജീവിതം ആഘോഷിക്കുവാനും തോൽവി നേരിടാനും വേദനയിൽ പോലും ശക്തി കണ്ടെത്താനും നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. കുട്ടിക്കാലം മുതലേ അഭിനയത്തോടും സിനിമയോടുമുള്ള അച്ഛന്റെ അഭിനിവേശം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു.

ഞാൻ ചെയ്തത് ചെറിയ കാര്യങ്ങളാണെങ്കിൽ പോലും അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ സാധിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛാ.. ശരിക്കും മിസ് ചെയ്യുന്നു..’ ആൻ കുറിച്ചു. നടി രേവതി പോസ്റ്റിന് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്‌. ‘ഞാനും അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യുന്നു.. അദ്ദേഹം വലിയ ഒരു മനസ്സിന് ഉടമയും അതിശയകരമായ തമാശ പറയുന്നയാളും ആയിരുന്നു..’ രേവതിയുടെ കമന്റ്.

CATEGORIES
TAGS