‘ഇനി തിരിച്ച് സിനിമയിലേക്ക് വരുമോയെന്ന് പലരും ചോദിച്ചു..’ – മനസ്സ് തുറന്ന് നടി രേണുക മേനോൻ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമ അത്ര പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ പറ്റില്ല. ഒരുപിടി പുതുമുഖങ്ങളെ വച്ചാണ് കമൽ ആ സിനിമ എടുത്തിരുന്നതും സൂപ്പർഹിറ്റ് ആയതും. ‘എൻ കരളിൽ താമസിച്ചാൽ..’ എന്ന പാട്ട് ആ കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു. അതിൽ അപർണ എന്ന കഥാപാത്രത്തിന് പിന്നാലെ നടന്നു പാടുന്ന പാട്ടായിരുന്നു അത്.

ആ അപർണയെ അവതരിപ്പിച്ച രേണുകയെന്ന നടിയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലായെങ്കിൽ കൂടിയും തെന്നിന്ത്യൻ ഭാഷകളിലെ ഒരു സിനിമയെങ്കിലും വച്ച് രേണുക അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ രേണുക അഭിനയിച്ചു. സുരേഷ് ഗോപി നായകനായ പതാകയിലാണ് രേണുക അവസാനമായി അഭിനയിച്ചത്.

2006-ൽ വിവാഹത്തിന് ശേഷം രേണുക അമേരിക്കയിലേക്ക് പോവുകയും സിനിമയിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. അമേരിക്കയിൽ കാലിഫോർണിയയിൽ ഭർത്താവിനും രണ്ട് പെണ്മക്കൾക്കും ഒപ്പമാണ് രേണുക ഇപ്പോൾ. സ്വാതി, അനിക എന്നിങ്ങനെയാണ് മക്കളുടെ പേര്. തന്റെ വിശേഷങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണുക തുറന്നുപറഞ്ഞിരിക്കുകയാണ്.

‘+2വിന് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത്. ആദ്യം അഭിനയിച്ച സിനിമ പുറത്തുവന്നില്ല. അതിനോടൊപ്പം തന്നെ ചെയ്ത ചിത്രമായിരുന്നു നമ്മൾ. അതിന്റെ സെറ്റിൽ വച്ച് സുഹാസിനി മാമുമായി നല്ല കമ്പനി ആയിരുന്നു. നമ്മളിന് ശേഷം തെലുഗിൽ നിന്ന് അവസരം തേടിയെത്തി. 4 വർഷങ്ങൾ കൊണ്ട് 15-ൽ അധികം സിനിമകൾ ചെയ്തു.

വിവാഹശേഷം അമേരിക്കയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു കോട്ടയംകാരനായ ഫാദറാണ് അവിടെയുള്ള കുട്ടികളെ ഡാൻസ് പഠിപ്പിച്ചുകൂടെ എന്ന് ചോദിച്ചത്. അങ്ങനെ തുടങ്ങിയതാണ് ഡാൻസ് സ്‌കൂൾ. ഭർത്താവ് സൂരജിന് ടെക്നോപാർക്കിൽ ഒരു കമ്പനിയുണ്ട്.

സിനിമയിലേക്ക് ഇനി തിരിച്ചുവരുമോ എന്ന് പലരും എന്നോട് ചോദിച്ചു. അവരോടൊക്കെ ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതിന്റെ കാരണം ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു ആവറേജ് ആക്ടർ. ഞാൻ എന്റെ ഈ ലൈഫിൽ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല..’ – രേണുക പറഞ്ഞു.

CATEGORIES
TAGS