‘അന്ന് ഒരു നാടകത്തിൽ അഭിനയിച്ചാൽ കിട്ടുന്നത് 25 രൂപയാണ് എനിക്ക്..’ – കെ.പി ഉമ്മറിന്റെ പഴയ അഭിമുഖം വൈറൽ
‘ശോഭേ.. ഞാനൊരു വികാരജീവിയാണ്..’ എന്ന ഡയലോഗ് മിമിക്രിക്കാർ പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആ മുഖം വരും.. അതെ കെ.പി ഉമ്മർ എന്ന അതുല്യപ്രതിഭയുടെ മുഖം. 1956-ൽ ‘രാരിച്ചൻ എന്ന പൗരൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് കെ.പി ഉമ്മർ. പിന്നീട് ഒരുപാട് സിനിമകളിൽ നായകനായും വില്ലനായും എല്ലാം കെ.പി ഉമ്മർ തിളങ്ങി.
2001 ഒക്ടോബർ 29ന് അദ്ദേഹം ഈ ലോകത്തോട് വിടുപറയുകയും ചെയ്‌തു. ഇന്നും അദ്ദേഹം അഭിനയിച്ച സിനിമകൾ ടെലിവിഷൻ ചാനലുകളിൽ വരുമ്പോൾ മലയാളികൾ കണ്ടിരുന്നു പോകും ആ അഭിനയമികവ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ഹരികൃഷ്ണൻസിലാണ് ഉമ്മർ അവസാനമായി അഭിനയിച്ചത്. 300ൽ അധികം സിനിമകളിൽ കെ.പി ഉമ്മർ അഭിനയിച്ചിരുന്നു.
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി കൽപന കെ.പി ഉമ്മറെ അഭിമുഖം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെ.പി.എസ്.സി എന്ന നാടക കമ്പനിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്.. ‘കെ.പി.എസ്.സിയിൽ ഞാൻ 5 കൊല്ലം വർക്ക് ചെയ്തപ്പോഴും ഞാൻ സുപ്രഭാതം കണ്ടിട്ടില്ല. ഓരോ ദിവസവും നാടകം അവസാനിക്കുന്നത് പുലർച്ചെ രണ്ട് അല്ലെങ്കിൽ 3 മണിക്കാണ്. അതുകഴിഞ്ഞ് റൂമിൽ എത്തുമ്പോൾ തളർന്ന് കിടക്കയിലേക്ക് ഒരു വീഴ്ച ആയിരിക്കും.
പിറ്റേന്ന് കണ്ണ് തുറക്കുന്നത് രാവിലെ 11 മണിക്കായിരിക്കും. അങ്ങനെ 5 വർഷം. അതിന് അനുസരിച്ചുള്ള വരുമാനം ഉണ്ടായിരുന്നില്ല അന്ന്. ഒരു നാടകത്തിൽ അഭിനയിച്ചാൽ കിട്ടുന്നത് 25 രൂപയാണ് എനിക്ക് ശമ്പളം. ഈ 25 രൂപ വാങ്ങിക്കൊണ്ട് 5 വർഷം ഉറക്കമോളിക്കുകയാണ്. നാടകനടൻ എന്ന രീതിയിൽ എന്നോട് കുടുംബക്കാർക്ക് വലിയ ബഹുമാനം ഒന്നും ഉണ്ടായിരുന്നില്ല.
ഒരു സിനിമ നടനായി പണം കൂടിയപ്പോഴാണ് അതുണ്ടായത്. പക്ഷേ ഒരു നടന്റെ കഴിവ് പൂർണമായും കാണിക്കാൻ പറ്റുന്നത് നാടകത്തിലാണ്. സിനിമ ഇന്നൊരു തരം ഗാംബ്‌ളിംഗാണ്. അതിൽ കേദിച്ചിട്ട് കാര്യമില്ല. ലോകത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചത് ഒക്കെ നാടകങ്ങളാണ്. നാടകമാണ് യഥാർത്ഥ കല എന്ന് ഞാൻ വിശ്വസിക്കുന്നു..’ ഉമ്മർ പറഞ്ഞു.
അഭിനയ ജീവിതം വച്ചുനോക്കുമ്പോൾ അങ്കിളിന് സിനിമയാണോ നാടകമാണോ കൂടുതൽ ജീവിതം നൽകുന്നതെന്ന് കൽപന ഉമ്മറോട് ചോദിച്ചു. ‘സിനിമ ടെക്‌നിക് മനസ്സിലായി കഴിഞ്ഞാൽ പിന്നെ വലിയ പ്രയാസമൊന്നുമില്ല. നാടകം നിങ്ങളൊരു കഥാപാത്രമായി അഭിനയിക്കുമ്പോൾ ആദ്യം കാർട്ടൺ പൊങ്ങുമ്പോൾ മുതൽ ആ കഥാപാത്രത്തിന്റെ ചലനങ്ങൾ തെറ്റാതെ ആദ്യം തൊട്ട് അവസാനംവരെ അഭിനയിക്കണം.
അതാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് വന്ന ആളുകൾ വളരെ അധികം ശോഭിക്കാനുള്ള കാരണം. നാടകക്കാർക്ക് എന്താ പ്രശ്‌നമെന്ന് വച്ചാൽ ഈ സിനിമയിൽ കിട്ടുന്ന കാഷ് അവർക്ക് കിട്ടുന്നില്ല. എനിക്ക് പടം ഇല്ലാതെ വന്നാൽ ഒരു നല്ല നാടക കമ്പനി നോക്കി അഭിനയിക്കും. അല്ലാതെ സിനിമയിൽ നിന്ന് പോയി പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയാവാനോ, മുൻസിപാൽ കൗൺസിലറോ, എം.എൽ.എയോ ഒന്നും ആകാൻ ആഗ്രഹിക്കുന്നില്ല..’ ഉമ്മർ പറഞ്ഞു.