‘വിശ്വാസവും സ്നേഹവും മുതലെടുത്ത് കുഴിയിൽ കൊണ്ട് ചാടിക്കും ചിലർ..’ – മേഘ്‌നയുടെ വീഡിയോ വൈറൽ

‘വിശ്വാസവും സ്നേഹവും മുതലെടുത്ത് കുഴിയിൽ കൊണ്ട് ചാടിക്കും ചിലർ..’ – മേഘ്‌നയുടെ വീഡിയോ വൈറൽ

ചന്ദനമഴ എന്ന സീരിയലിലെ അമൃതയെന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മേഘ്‌ന വിൻസെന്റ്. അടുത്തിടെയാണ് താരം വിവാഹമോചിതയായ വാർത്ത സോഷ്യൽ മീഡിയയിലും ജനങ്ങളിലും ഞെട്ടൽ ഉളവാക്കിയത്. 2017ൽ നടി ഡിംപിൾ റോസിന്റെ സഹോദരനായ ഡോൺ ടോണിയാണ് മേഘ്‌നയെ വിവാഹം ചെയ്തത്.

വിവാഹബന്ധം വേർപെടുത്തി ഒരു വർഷത്തിന് ശേഷമാണ് ആ വാർത്ത പുറത്തുവന്നത്. ഇരുവരും പരസ്പരം സമ്മതോടെയാണ് വിവാഹമോചിതരായത്. ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ ഓർത്ത് വിഷമിച്ചിരിക്കാൻ താരം തയ്യാറല്ലായിരുന്നു. ഈ ലോക് ഡൗൺ കാലഘട്ടത്തിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് അതിൽ വീഡിയോകൾ താരം പങ്കുവച്ചു.

താരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത പുതിയ വിഡിയോയാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് ഒരു കഥയിലൂടെ പറഞ്ഞിരിക്കുകയാണ് താരം. ‘ഒരിക്കൽ ഒരു വ്യാപാരി തന്റെ ഗ്രാമത്തിനേക്കാൾ വ്യാപാരം മറ്റൊരു ഗ്രാമത്തിൽ നടക്കുമെന്ന് മനസ്സിലാക്കി അയാൾ തന്റെ സാധനങ്ങൾ എല്ലാമായി അങ്ങോട്ടേക്ക് പോകാമെന്ന് തീരുമാനിച്ചു.

എങ്ങനെ ഇത്രയും സാധനങ്ങൾ കൊണ്ടുപോകുമെന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് അവിടെ ഒരു കഴുത നിൽക്കുന്നത് കണ്ടത്. വ്യാപാരി കഴുതയ്ക്ക് ഇപ്പോഴുള്ള സാഹചര്യങ്ങളെക്കാൾ നല്ല ജീവിതം കൊടുക്കാമെന്ന് ഉറപ്പോടെ കഴുതയുടെ പുറത്ത് സാധനങ്ങൾ വച്ച് യാത്ര ആരംഭിച്ചു. കഴുത അതെല്ലാം വിശ്വസിച്ച് കൂടെകൂടി.

ഭാണ്ഡക്കെട്ടുകൾ എല്ലാം കഴുതയെ കൊണ്ട് ചുമപ്പിച്ച് അയാൾ അതിന്റെ പുറത്തുകയറി ഇരുന്ന് യാത്ര തുടങ്ങി. പോകുന്ന വഴിയിൽ മുമ്പിൽ ഒരു വലിയ കുഴി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അതിന്റെ മുകളിൽ നിന്ന് കുഴിയിൽ വീഴും മുമ്പ് ചാടി. പാവം കഴുത ആ ഭാണ്ഡക്കെട്ടുകളോടെ കുഴിയിൽ വീണു. യജമാനൻ രക്ഷിക്കുമെന്ന് വിചാരിച്ച കഴുത പക്ഷേ കണ്ടത് അയാൾ അയാളുടെ സാധനങ്ങൾ മാത്രം കൈ എത്തി എടുക്കുന്നതാണ്. വേണമെങ്കിൽ അയാൾക്ക് ആ കഴുതയെ രക്ഷിക്കാമായിരുന്നു.

അയാൾ അത് ചെയ്യാതെ സാധനങ്ങൾ എടുത്തു പോയി. കഴുത അയാളെ വിശ്വസിച്ച് കൂടെ വന്നതാണെന്ന് ഓർക്കണം. കുറച്ച് സമയങ്ങൾക്ക് ശേഷം കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴാൻ തുടങ്ങി. കഴുത മണ്ണ് ദേഹത്ത് വീഴുമ്പോൾ അത് കുടഞ്ഞ് ഓരോ പടി കയറി കയറി രക്ഷപ്പെടുന്നതുമാണ് മേഘ്‌നയുടെ കഥ.

നമ്മുടെ ജീവിതവും ഇതുപോലെ തന്നെയാണ്. നമ്മളും ആരെയെങ്കിലുമൊക്കെ ഇതുപോലെ വിശ്വസിക്കും. വളരെ കുറച്ചുപേർ മാത്രം ആ വിശ്വാസം സംരക്ഷിച്ച് ജീവിതത്തിൽ മുന്നോട്ട് പോകും. പക്ഷേ കൂടുതൽ പേരും ഈ വിശ്വാസവും സ്നേഹവുമൊക്കെ മുതലെടുത്ത് ഒരു കുഴിയിലേക്ക് തള്ളിയിട്ട് അവർ അവരുടെ കാര്യം നോക്കി പോകും.

ഇതുപോലെ കുഴിയിൽ കിടക്കുന്നവർക്ക് രണ്ട് ചോയ്‌സിസ് മാത്രമേ ഉള്ളൂ. ഒന്നെങ്കിൽ ആ കുഴിയിൽ കിടന്ന് അങ്ങനെയേ മരിക്കാം.. അല്ലെങ്കിൽ എഴുനേറ്റ് നിന്ന്, പുറത്തുവന്ന് സന്തോഷമായി ജീവിക്കാം. കഴുത കുഴിയിൽ നിന്ന് പുറത്തുവന്നപോലെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഓരോ അപമാനങ്ങളും ജീവിതത്തിൽ ചവിട്ടുപടിയായി ഉപയോഗിച്ച് മുന്നോട്ട് പോകാം..’ മേഘ്ന വീഡിയോയിലൂടെ പറഞ്ഞു.

കഥയും മെസ്സേജൂം എല്ലാം ഗംഭീരമായെന്ന് താരത്തിന്റെ ആരാധകർ വീഡിയോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്. ‘ജീവിതത്തിൽ നടന്ന സംഭവം കഥയായിട്ടു പറഞ്ഞതെന്ന് തോന്നിയത് എനിക്ക് മാത്രമാണോ..?’ എന്ന് ഒരു ആരാധകൻ എഴുതി. ‘മനസ്സിലുള്ള വിഷമങ്ങൾ പങ്ക് വെച്ചതാണോ.. തീർച്ചയായും ഉയരങ്ങളിൽ എത്തും..’ എന്നീ നിരവധി കമന്റുകളുണ്ട്.

CATEGORIES
TAGS