‘പുകയ്ക്ക് ഇടയിലൂടെ നടന്ന് നീങ്ങി വിനായകൻ! ഇത് വേറിട്ട പ്രതിഷേധമെന്ന് മലയാളികൾ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബ്രഹ്മപുരത്തെ മാലിന്യം കത്തിയുണ്ടായ പുക കൊച്ചി നഗരത്തെയും അവിടെ താമസിക്കുന്ന ജനങ്ങളെയും പ്രശ്നത്തിലാക്കിയിട്ട് ദിവസങ്ങൾ കുറച്ചായി. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്. പത്ത് ദിവസത്തോളം മിണ്ടാതിരുന്ന പല സിനിമ താരങ്ങളും തങ്ങൾക്ക് അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.

ഹരീഷ് പേരാടി, വിനയ് ഫോർട്ട്, രമേശ് പിഷാരടി, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളാണ് സംഭവമായി ബന്ധപ്പെട്ട ആദ്യം പ്രതികരിച്ചത്. ഇവരുടെ പോസ്റ്റുകൾക്ക് പിന്നാലെയാണ് പല സിനിമ താരങ്ങളും തങ്ങൾക്ക് മാലിന്യപുക മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയാൻ മനസ്സ് കാണിച്ചത്. മഞ്ജു വാര്യർ, ഗ്രേസ് ആന്റണി, അശ്വതി ശ്രീകാന്ത്, രഞ്ജി പണിക്കർ, സാന്ദ്ര തോമസ് എന്നിവരും തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചു.

ഇവരിൽ നിന്ന് എല്ലാം ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റുമായി നടൻ വിനായകൻ രംഗത്ത് വന്നിരിക്കുകയാണ്. പൊതുവേ ജനങ്ങളെ രണ്ട് തവണ ചിന്തിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഒരാളാണ് വിനായകൻ. ഈ തവണ പുകയ്ക്ക് ഇടയിലൂടെ തിരിഞ്ഞ് നടന്ന് പോകുന്ന ഒരു ഫോട്ടോയാണ് വിനായകൻ പങ്കുവച്ചത്. കൈയിലൊരു സിഗരറ്റും താരം പിടിച്ചിട്ടുണ്ട്.

ഇതിന് താഴെ നിരവധി മലയാളികളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ആദ്യമായിട്ട് ഇങ്ങേര് ക്യാപ്ഷൻ ഇടാതെ ഒരു പോസ്റ്റിട്ട് അത് മനസ്സിലാവുന്നത്, ഇത് കൊച്ചിയിലെ പുകയ്ക്ക് എതിരെയുള്ള പ്രതിഷേധമല്ലേ, ഇതൊക്കെയാണ് പോസ്റ്റ് എന്നിങ്ങനെ പല കമന്റുകളും വന്നിട്ടുണ്ട്. അതെ സമയം ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ നിയന്ത്രണ വിധേയമായിയെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS Brahmapuram Plant