‘പഠിക്കുന്നു.. അഭിനയിക്കുന്നു.. റിപീറ്റ്!! മിന്നൽ മുരളിയിലെ ഉഷ നമ്മൾ വിചാരിച്ചയാളല്ല..’ – വെളിപ്പെടുത്തി ഷെല്ലി കിഷോർ
സീരിയലിലൂടെ അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ഷെല്ലി കിഷോർ. ഇന്നത്തെ യുവതലമുറയിലെ ആളുകൾക്ക് ഷെല്ലി എന്ന് പേര് പറഞ്ഞാൽ ഒരുപക്ഷേ പെട്ടന്ന് മനസ്സിലാവില്ല! കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ കുങ്കുമപൂവ് സീരിയലിലെ ശാലിനി എന്ന് പറയണമായിരുന്നു, എന്നാൽ ഇപ്പോൾ മിന്നൽ മുരളിയിലെ ഉഷ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകൾക്കും അറിയാം.
2006 മുതൽ പക്ഷേ ഷെല്ലി അഭിനയ രംഗത്തുണ്ട്. അമൃത ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന തനിയെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആ വർഷം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. കൈരളിയിൽ കൂട്ടുകുടുംബം എന്ന സീരിയലിലാണ് ഷെല്ലി ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്.
കേരള കഫേ എന്ന ആന്തോളജി ചിത്രത്തിൽ ഐലൻഡ് എക്സ്പ്രസ്സ് എന്ന പാർട്ടിലാണ് ഷെല്ലി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ചട്ടക്കാരി, അകം, സഖാവ്, ഈട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇതാ മിന്നൽ മുരളിയിലെ ഉഷ. അത്ര ഗംഭീരമായിട്ടാണ് ഷെല്ലി മിന്നൽ മുരളിയിലെ ഉഷയെ അവതരിപ്പിച്ചത്. ഉഷയും ഷിബുവും തമ്മിലുള്ള ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള സീനുകൾ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്.
അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഷെല്ലിയെ നമ്മൾ സിനിമയുടെയും സീരിയലിലൂടെയും കണ്ടിട്ടുണ്ട്. പഠനത്തിലും ഷെല്ലി ഒരു സംഭവം തന്നെയാണ്. അഭിനയത്തോടൊപ്പം വിവാഹം കഴിഞ്ഞിട്ടും ഷെല്ലി നിരവധി കോഴ്സുകളാണ് ചെയ്തു കഴിഞ്ഞിട്ടുളളത്. ഇനി പി.എച്ച്.ഡി എടുക്കണമെന്നാണ് ഷെല്ലിയുടെ ആഗ്രഹം. ഒരു എഫ്.എം ചാനലിന്റെ അഭിമുഖത്തിലാണ് ഷെല്ലി തന്നെ പഠിച്ച കോഴ്സുകളുടെ ലിസ്റ്റ് പങ്കുവച്ചത്.
View this post on Instagram
“സർട്ടിഫിക്കറ്റ് ഇൻ എയർ പാസഞ്ചർ ഹാൻഡ്ലിങ് ഫ്രം മുംബൈ, ഡിപ്ലോമ ഇൻ മാസ്സ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഫ്രം സിംഗപ്പൂർ, ബാച്ചിലർ ഇൻ സോസിയോളജി.. അത് ഇഗ്നോ, പി.ജി ഡിപ്ലോമ ഇൻ ഇ-ഗവേണൻസ്, മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ഇൻ ജേർണലിസം ഫ്രം എസ്.എച്ച്.. ഇനി പി.എച്ച്.ഡി എടുക്കണമെന്നുണ്ട്..”, ഷെല്ലി അഭിമുഖത്തിൽ പറഞ്ഞു. മിന്നൽ മുരളിയിലെ നായിക ഫെമിന ജോർജും താരത്തിനൊപ്പമുണ്ടായിരുന്നു.