‘ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ! ആ ചോദ്യത്തിൽ ഉണ്ടായിരുന്നു മമ്മൂക്കയുടെ കരുതൽ..’ – വെളിപ്പെടുത്തി റോബർട്ട്
ബ്രഹ്മപുരം വിഷയത്തിൽ പല സിനിമ താരങ്ങളും പ്രതികരിച്ചിരുന്നെങ്കിലും അവിടെയുള്ള ജനങ്ങൾക്ക് ആശ്വാസമായി ആദ്യമായി സഹായവുമായി എത്തിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആയിരുന്നു. ബ്രഹ്മപുരത്തെയും പരിസരപ്രദേശത്തെയും ജനങ്ങൾക്ക് വൈദ്യസഹായം നല്കാൻ മമ്മൂട്ടി തീരുമാനിക്കുകയും രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം സൗജന്യ പരിശോധന ഇന്ന് ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ മമ്മൂക്കയുടെ ഈ നല്ല പ്രവർത്തിയെ കുറിച്ചും അത് സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെ കുറിച്ചും മമ്മൂട്ടിയുടെ പിആർഒയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഡിറ്റക്ടറുമായ റോബർട്ട് കുര്യാക്കോസ്. പൂനെയിലെ നിന്ന് കൊച്ചിയിലേക്ക് മടങ്ങിയതിന് പിറ്റേ ദിവസമാണ് തന്നെ മമ്മൂക്ക വിളിച്ചിട്ട് ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യണ്ടേ എന്ന് ചോദിച്ചത് എന്നും ആ ചോദ്യത്തിൽ ഉണ്ടായിരുന്നു കരുതൽ എന്നും റോബർട്ട് കുറിപ്പ് തുടങ്ങിയത്.
നമ്മൾ ചെയ്താൽ പിന്നെ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും മമ്മൂക്ക പറഞ്ഞു. മമ്മൂക്കയുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പിൽ ആ ദൗത്യം ആരംഭിച്ചു. രാജഗിരി ആശുപത്രിയും ലിറ്റിൽ ഫ്ലാവർ ആശുപത്രിയും പങ്കാളികളായി കടന്നുവന്നു. വയനാട്ടിലെ ഷൂട്ടിംഗ് തിരക്കിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേൽനോട്ടം. പുക ഏറ്റവും അധികം ബാധിച്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്ത് നിന്നും രാജഗിരിയിലെ ഡോക്ടർമാരുടെ സംഘം പര്യടനം തുടങ്ങി.
മൂന്ന് ദിവസം മരുന്നുകളും ഓക്‌സിജന്‍ കോൺസൻട്രേറ്ററുകളും മാസ്കുകളുമായി ശ്വാസംമുട്ടി കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീട്ടിലേക്ക് എത്തും. ഇതൊരു തുടക്കം മാത്രമാണെന്നാണ് മമ്മൂക്കയുടെ ഓർമ്മപ്പെടുത്തൽ. ഇത് മമ്മൂട്ടി എന്ന മനുഷ്യന്റെ അപരനോടുള്ള അപാരമായ കരുതലിന്റെ അടയാളങ്ങളിൽ ഒന്നുമാത്രം. ആ മനസ്സിൽ ഇനിയും ഉണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങൾ ഒപ്പുന്നതിനുള്ള സ്നേഹ തൂവലുകൾ. റോബർട്ട് ഫേസ്ബുക്കിൽ കുറിച്ചു.