‘ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചത്!! ദീപിക അതിന് ഏറ്റവും നല്ല ഉദാഹരണം..’ – പ്രശംസിച്ച് നടി കങ്കണ

ഈ തവണ ഓസ്കാർ വേദിയിൽ അവതാരകരായി പതിനാറോളം പേരായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന് അഭിമാനമായി ആർആർആറും, എലിഫന്‍റ് വിസ്പേറേഴ്സ് മാറിയപ്പോൾ അതെ വേദിയിൽ ഈ പതിനാറ് അവതാരകരിൽ ഒരാളായി എത്തിയത് ബോളിവുഡ് താരസുന്ദരിയായ ദീപിക പദുകോൺ ആയിരുന്നു. കറുപ്പ് ഗൗൺ ധരിച്ച് ഹോളിവുഡ് സുന്ദരികളെ വെല്ലുന്ന രീതിയിലാണ് ദീപിക എത്തിയിരുന്നത്.

മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം നേടിയ ആർആർആറിലെ ഗാനത്തിന്റെ പെർഫോമൻസിന് മുമ്പ് ഗാനം പരിചയപ്പെടുത്താൻ എത്തിയത് ദീപിക ആയിരുന്നു. വളരെ രസകരമായ രീതിയിലായിരുന്നു ദീപിക ഗാനത്തിനെ കുറിച്ച് വിവരിച്ചത്. സദസ്സിന്റെ മുഴുവൻ കൈയടിയും നേടി. ദീപികയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായി കഴിഞ്ഞിരിക്കുകയാണ്.

ദീപികയെ പ്രശംസിച്ച് ബോളിവുഡിലെ മറ്റൊരു താരസുന്ദരിയായ കങ്കണ റണാവത് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കങ്കണ ദീപികയെ പ്രശംസിച്ചത്. രാജ്യത്തിൻറെ പ്രതിച്ഛായയും പ്രശസ്തിയും ഉയർത്തി പിടിച്ച് സംസാരിച്ച ദീപികയെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചത് എന്നും അതിന് ഉത്തമ ഉദാഹരണമാണ് ദീപികയെന്നും കങ്കണ കുറിച്ചു.

“ദീപിക പദുകോൺ എത്ര സുന്ദരിയാണ്.. അവിടെ നിൽക്കുക എന്നത് അത്ര എളുപ്പമല്ല. രാജ്യത്തെ മുഴുവനും ഒരുമിച്ച് പിടിച്ച്, അതിന്റെ പ്രതിച്ഛായയും പ്രശസ്തിയും ആ ലോലമായ തോളിൽ വഹിച്ചുകൊണ്ട് വളരെ മാന്യമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നു. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചതെന്നതിന്റെ സാക്ഷ്യമായി ദീപിക തലയുയർത്തി നിൽക്കുന്നു..”, കങ്കണ കുറിച്ചു.

CATEGORIES
TAGS Oscar