‘ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്..’ – സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടി എസ്തർ അനിൽ

‘ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്..’ – സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടി എസ്തർ അനിൽ

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി എസ്തർ അനിൽ. നല്ലവൻ എന്ന ജയസൂര്യ നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന എസ്തർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മോഹൻലാൽ നായകനായ ദൃശ്യത്തിൽ അദ്ദേഹത്തിന്റെ ഇളയമകളായി അഭിനയിച്ച ശേഷമാണ്. ദൃശ്യം ശരിക്കും എസ്തറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന സിനിമയിൽ നായികയായും അഭിനയിച്ച എസ്തർ ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഇരിക്കുകയാണ്. ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ ഒരു സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പറഞ്ഞത്.

‘കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. ദേശീയ, അന്തർദേശീയ തലത്തിൽ വരെ അവരുടെ പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞതാണ്. ആ കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് എല്ലാം നല്ല കാര്യങ്ങളാണ് എന്ന് എനിക്ക് തോന്നുന്നു.

നേരത്തെ പാർട്ടിയെ കുറിച്ചൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കായില്ലായിരുന്നു. ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നും എനിക്കില്ല. ചാച്ചൻ(അമ്മയുടെ അച്ഛൻ) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയം കേട്ടാണ് വളർന്നത്. ചാച്ചൻ ഇപ്പോഴും ഇലെക്ഷൻറെ കാര്യങ്ങൾ ഒക്കെയായി തിരക്കിലാണ്..’, എസ്തർ പറഞ്ഞു.

ദൃശ്യം 2, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് എസ്തേറിന്റെ ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. എസ്തർ നായികയായി അഭിനയിച്ച തെലുഗ് ചിത്രം ജോഹാർ ഈ ഓഗസ്റ്റ് 15 ഓ.ടി.ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.ദൃശ്യം ടുവിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരം.

CATEGORIES
TAGS