‘ആ വ്യക്തിയെ വിശ്വസിച്ച് യു.എ.ഇ പോയി ഞാൻ, എല്ലാം എന്റെ തെറ്റാണ്..’ – വേദനിപ്പിക്കുന്ന ഓർമ്മ പങ്കുവച്ച് ആര്യ

നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ 31 ജന്മദിനം ഈ കഴിഞ്ഞ ദിനമാണ് ആഘോഷിച്ചത്. സുഹൃത്തുക്കൾ നൽകിയ സർപ്രൈസും മകൾ നൽകിയ ഗിഫ്റ്റുമെല്ലാം ആര്യ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. എന്നാൽ ഇതിൽ എല്ലാം അപ്പുറം കഴിഞ്ഞ ജന്മദിനത്തിൽ നടന്ന വേദനിപ്പിക്കുന്ന ഓർമ്മകൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

ആര്യയുടെ പോസ്റ്റിന്റെ മലയാളം, “മുന്നറിയിപ്പ്: ഇതൊരു നീണ്ട കുറിപ്പാണ്.. കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞാൻ അനുഭവിച്ച വികാരങ്ങൾ വിശദീകരിക്കാൻ പോലും ബുദ്ധിമുട്ടാണ്. യു.എ.ഇ.യിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കിരുന്ന്, ഓരോ ദിവസവും തള്ളി നീക്കാൻ ഒരു ബോട്ടിൽ വൈനും കുറച്ച് ഭക്ഷണവും ആശ്രയിക്കാതെ വേറെ വഴിയില്ലായിരുന്നു.

പക്ഷേ അത് എന്റെ അവസ്ഥ മോശമാക്കി. ഞാൻ എന്തെങ്കിലും അബദ്ധം ചെയ്യാനും മടിക്കില്ലായിരുന്നു. എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. എനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കി വൈകിട്ടോടെ എന്റെ അരികിൽ എത്തിയ ആ വ്യക്തിക്ക് നന്ദി. ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം. എനിക്ക് 30 വയസ്സ് തികഞ്ഞ ദിവസം!! എന്നാൽ ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ശരിയായ തീരുമാനം എടുത്തിരുന്നെങ്കിൽ എല്ലാം വ്യത്യസ്തമാകുമായിരുന്നു.

എനിക്ക് എന്റെ സുന്ദരിയായ മകൾക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കഴിയാമായിരുന്നു, ഒപ്പം ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം ആഘോഷിക്കാമായിരുന്നു. ഇല്ല. എന്നിൽ യാതൊരു താല്പര്യവും ഇല്ലാത്ത ഒരു വ്യക്തിയെ വിശ്വസിച്ച് എന്റെ ജന്മദിനം ആഘോഷിക്കാൻ യു.എ.ഇയിൽ വരെ പോകാനും മാത്രം വിഡ്‌ഢി ആയിരുന്നു ഞാൻ. ആ തെറ്റായ തീരുമാനം എടുത്തത് എന്റെ പിഴവാണ്. അതിനെ മറ്റാരെയും കുറ്റപ്പെടുത്താൻ പറ്റില്ല.

ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു. എന്റെ മുഖത്ത് ഏറ്റവും അത്ഭുതകരമായ പുഞ്ചിരിയുണ്ട്. എന്റെ ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ടോക്സിക് ആളുകളുണ്ടെങ്കിൽ കുഴപ്പമില്ല, അപ്പോഴാണ് യഥാർത്ഥ വ്യക്തികൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാകൂ. ഞാൻ ഉദ്ദേശിക്കുന്നത് ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്നവർ, നിങ്ങളെ പരിപാലിക്കുക്കുന്നവർ.

ഞാൻ പറയാൻ ശ്രമിക്കുന്നത് ഇത്രമാത്രം.. എല്ലാം നിങ്ങളുടെ കൈകളിലാണ്. സന്തോഷിക്കണോ അതോ നിങ്ങളുടെ സമാധാനം നശിപ്പിക്കണോ.. എല്ലാം നിങ്ങളുടെ കൈകളിലാണ്.. തീരുമാനം നിങ്ങളുടേതാണ്. സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകർക്കണോ എന്നത്. എപ്പോഴും വിവേകപൂർവ്വം തിരഞ്ഞെടുക്കാൻ സ്വയം ഓർമ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക.

ഞാൻ ഇന്ന് വളരെ സന്തോഷവതിയാണ്. എന്റെ 31-ആം ജന്മദിനം, എനിക്ക് ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു. കുറച്ച് പേരെ മിസ് ആയെങ്കിലും, എനിക്ക് സന്തോഷവും, ഏറ്റവും പ്രധാനമായി സമാധാനവുമുണ്ട്. എന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഒരു വലിയ നന്ദിയും സ്നേഹവും. എന്നും ഒപ്പം നിന്നതിനും എന്റെ സന്തോഷത്തിന് കാരണമായത്തിനും നന്ദി..’, ആര്യ കുറിച്ചു.

CATEGORIES
TAGS