‘പൊന്നിയിൻ സെൽവനിലെ കുന്ദവൈയായി റീൽസ് താരം അമല ഷാജി, അഭിനന്ദിച്ച് തൃഷ..’ – ട്രോൾ പെരുമഴ
തിയേറ്ററുകളിൽ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2. ആദ്യ ഭാഗത്തിനേക്കാൾ മികച്ച കളക്ഷൻ സ്വന്തമാക്കി കൊണ്ടാണ് സിനിമ മുന്നേറുന്നത്. പീരിയോഡിക് ഡ്രാമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും പൊന്നിയിൻ സെൽവൻ ഇഷ്ടപ്പെടുമെന്ന് കണ്ട പ്രേക്ഷകർ വിലയിരുത്തുന്നു. ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ നൂറ് കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്.
വിക്രം, ജയം രവി, കാർത്തി. ഐശ്വര്യ റായ്, തൃഷ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. കുന്ദവൈ ദേവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിക്കുന്നത്. തൃഷയെ അടുത്തിടെ ഇത്രയും സുന്ദരിയായി മറ്റൊരു സിനിമയിൽ കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. ഒരുപക്ഷേ ഐശ്വര്യ റായിയെക്കാൾ സൗന്ദര്യമാണ് തൃഷയ്ക്ക് തോന്നിക്കുന്നത്. ആ കഥാപാത്രവും തൃഷ അതിമനോഹരമാക്കിയിട്ടുണ്ട്.
തൃഷ അവതരിപ്പിച്ച കുന്ദവൈ ദേവിയുടെ ലുക്കിൽ പലരും ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ആ കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് റീൽസ് താരവും തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുമുള്ള അമല ഷാജി. അമല ചെയ്ത കുന്ദവൈ ദേവിയുടെ മേക്കോവറിലുള്ള ഫോട്ടോസ് വൈറലായി കഴിഞ്ഞു. ഒരേസമയത്ത് പ്രശംസയും ട്രോളുകളും ഈ ഫോട്ടോഷൂട്ട് വാങ്ങിക്കൂട്ടുന്നുണ്ട്.
കുന്ദവൈയെ സ്‌ക്രീനിൽ അവതരിപ്പിച്ച തൃഷ തന്നെ അമലയെ അഭിനന്ദിച്ച് സ്റ്റോറി ഇട്ടതോടെ ട്രോളുകൾക്ക് ഒരു പരിധി വരെ അവസാനം വന്നിരിക്കുകയാണ്. “അതെന്റെ സ്വപ്നമായിരുന്നു.. തൃഷ മാം എന്റെ വർക്ക് കണ്ടു.. കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ലെന്ന് മനസ്സിലായി.. ഒരുപാട് നന്ദി..”, തൃഷ സ്റ്റോറി ഇട്ടതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് അമല ഷാജി കുറിച്ചു. ലോ ബജറ്റ് പൊന്നിയിൻ സെൽവൻ, തൃഷ(144പി), ഫിൽറ്റർ കുന്ദവൈ എന്നൊക്കെയായിരുന്നു വന്ന കമന്റുകൾ.