‘ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രൻസേട്ടാ, ഒരുപക്ഷേ കണ്ണ് തുറന്നാല്ലോ..’ – ജൂറിയെ വിമർശിച്ച് അൽഫോൺസ് പുത്രൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച ഹോമിന് യാതൊരു അവാർഡും ലഭിച്ചിട്ടില്ല എന്നതാണ് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത്.

ഹോം സിനിമയ്ക്കും അതിൽ അഭിനയിച്ച ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും പ്രേക്ഷകർ അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. സിനിമയ്ക്ക് അവാർഡ് ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടായിരിക്കില്ല എന്നും ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു. മികച്ച നടൻ അവാർഡ് രണ്ട് പേർക്ക് കൊടുത്തത് പോലെ ഹോമിനും നൽകാമായിരുന്നു. ഹൃദയവും നല്ല സിനിമയാണ്. അതോടൊപ്പം തന്നെ ചേർത്തുവെക്കേണ്ട ചിത്രമാണ് ഹോമെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു.

ഇന്ദ്രൻസിനും സിനിമയ്ക്കും പിന്തുണ അറിയിച്ച് ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. നടി രമ്യ നമ്പീശൻ, ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവരാണ് ആദ്യം പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ സംവിധായകൻ അൽഫോൺസ് പുത്രൻ ജൂറിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്‌ബുക്ക് പേജിൽ ജൂറിയെ വിമർശിച്ച് കൊണ്ടാണ് അൽഫോൺസ് പ്രതികരണം അറിയിച്ചത്.

താൻ ആറ് ജോലി ചെയ്തിട്ടും ഉഴപ്പൻ ആണെന്നാണ് അന്ന് അവർ പറഞ്ഞിരുന്നതെന്നും താൻ അവരുടെ ചിന്തയിൽ ഉഴപ്പൻ ആയതുകൊണ്ട് പ്രേമത്തിലെ 24 ക്രഫ്റ്റിലുള്ള ആർക്കും തന്നെ അവാർഡ് നൽകിയില്ലെന്നും അവരുടേത് ഒരു പ്രതേക തരം വിലയിരുത്തലാണ് എന്നും അൽഫോൺസ് ഇന്ദ്രൻസിന്റെ പേര് വിളിച്ചുകൊണ്ട് കുറിച്ചു. ഇത് കൂടാതെ രസകരമായ ഒരു ഡയലോഗും അവസാനം എഴുതികൊണ്ടാണ് അൽഫോൺസ് തന്റെ പ്രതിഷേധം അറിയിച്ചത്.

ഇന്ദ്രൻസേട്ടാ ഗുരു സിനിമയിലെ ഇലാമാ പഴം കിട്ടുമോയെന്ന് താൻ നോക്കട്ടെയെന്നും അത് കലക്കി കൊടുത്താൽ ഒരുപക്ഷേ കണ്ണ് തുറന്നാല്ലോയെന്നും പരിഹസിച്ചുകൊണ്ടാണ് അൽഫോൺസ് ജൂറിയെ പരസ്യമായി വിമർശിച്ചത്. അൽഫോൻസിന് പോസ്റ്റിന് പിന്തുണച്ച് ഒരുപാട് പേരാണ് കമന്റ് ചെയ്തത്. പക്ഷേ അൽഫോൺസ് കുറച്ച് സമയത്തിന് ശേഷം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.