‘നായികമാർ എന്തെങ്കിലും ഡിമാൻഡ് ചെയ്‌താൽ അവരെ ഒഴിവാക്കും..’ – മനസ്സ് തുറന്ന് നടി ദുർഗ കൃഷ്ണ

2017-ൽ പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നടി ദുർഗ കൃഷ്ണ. പിന്നീട് 3-4 സിനിമകളിൽ നല്ല കഥാപാത്രങ്ങളിൽ തിളങ്ങിയ താരത്തിന് ഈ കൊല്ലം 4 സിനിമകളിൽ നിന്ന് അവസരം വരികയും ചിലതിന്റെ ഷൂട്ടിംഗ് പൂർത്തിയാവുകയും ചെയ്തതാണ്. കൊറോണ കാരണം സിനിമയുടെ റിലീസുകളും ഷൂട്ടിങ്ങുകളും നിന്നുപോയിരിക്കുകയാണ്.

മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം റാമിൽ ഒരു പ്രധാനവേഷത്തിൽ ദുർഗ എത്തുന്നുണ്ട്. കടുത്ത മോഹൻലാൽ ആരാധികയായ ദുർഗയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്നത്. തന്റെ സിനിമയെ കുറിച്ചുള്ള കാഴ്ചപാടുകൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

‘സിനിമയിൽ പഴയ പോലെ നായികമാർ ഒരുപാട് വർഷം നിൽക്കാത്തത് ഇപ്പോൾ പുതിയ നായികമാർക്കാണ് മിക്ക സിനിമകളിലും പരിഗണന. സിനിമയിൽ ഒരു സ്ഥാനമൊക്കെ നേടി സ്വന്തമായി ഡിമാൻഡ് ചെയ്യുന്ന സമയമാവുമ്പോഴേക്കും അടുത്ത നായിക എത്തും. നായികമാർ എന്തെങ്കിലും ഡിമാൻഡ് ചോദിച്ചാൽ അവരെ ഒഴിവാക്കുകയാണ് പതിവ്.

നായകന്മാരുടെ കാര്യം അങ്ങനെയല്ല.. ഒരു നായകൻ ഇല്ലായെങ്കിൽ അതേപോലെയുള്ള വേറെ ഒരു നായകന് അവസരം കൊടുക്കും. ഒരുപാട് നായികമാർ വരുന്നതിനാൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്ടപ്പെട്ടേക്കാം. സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾ വരെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്റെ ആദ്യ ചിത്രത്തിലും മറ്റൊരു നായികയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞിട്ടുണ്ട്.

അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്‌നമായപ്പോൾ എന്നിലേക്ക് വന്നു. ഇങ്ങനെയാണ് പുതിയ നായികമാർ എത്തുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആദ്യ സിനിമയിൽ തന്നെ നല്ലയൊരു ശക്തമായ കഥാപാത്രം എനിക്ക് ലഭിച്ചു. ഒരു നടനെയും നടിയെയും നിലനിർത്തുന്നത് നല്ല അവസരങ്ങളാണ്. ഒരുപാട് സിനിമകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല പക്ഷേ ചില സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്..’ ദുർഗ പറഞ്ഞു.

CATEGORIES
TAGS