‘കൊമ്പൻ ചവിട്ടി കൊന്നേനെ, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്..’ – സാഹസികയാത്ര ഓർത്തെടുത്ത് നടി കൃഷ്ണപ്രഭ

വേറിട്ട അഭിനയശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി കൃഷ്ണപ്രഭ. അഭിനയം, നൃത്തം, പാട്ട് തുടങ്ങി എല്ലാ മേഖലകളിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്. മനോജ് ഗിന്നസിന്റെ ട്രൂപ്പ് ആയ കൊച്ചിൻ നവോദയയിൽ നർത്തകി ആയിട്ടാണ് കൃഷ്ണപ്രഭ ആദ്യമായി ഈ മേഖലയിൽ എത്തിപ്പെടുന്നത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ ചെയ്‌തെങ്കിലും, മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രമാണ് വഴിത്തിരിവുവായത്.

55-ൽ അധികം സിനിമകളിൽ കൃഷ്ണ ഇതിനോടകം അഭിനയിച്ചു. വർക്കി, കിംഗ് ഫിഷ്‌ എന്നീ സിനിമകളാണ് ഇനി താരത്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഡ്രൈവിങ്ങിലും കൃഷ്ണ പുലിയാണ്. SUV വണ്ടികളോടുള്ള താരത്തിന്റെ ഇഷ്ടം നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുപാട് യാത്രകൾ ചെയ്യാൻ താൽപര്യമുള്ള, യാത്രകൾ പോകുന്ന താരം ലോക്ക് ഡൗൺ ആയതിനാൽ സ്വന്തം ഫ്ലാറ്റിൽ തന്നെയാണ്.

ഇടയ്ക്ക് ചെടി വളർത്തുന്ന കാര്യം വീഡിയോയിലൂടെ കൃഷ്ണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ താരം പോയ ഒരു യാത്രയെക്കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. മറയൂർ ശർക്കര തേടിയുള്ള യാത്രയാണ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോകുന്ന വഴിയിൽ നേരിടേണ്ടി വന്ന സംഭവങ്ങൾ താരം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്.

മസിനഗുഡിയിലേക്കാണ് പോയത്. ഞാനും അമ്മയും ഉൾപ്പടെ ഒരു 6 പേരുണ്ട്. വൈകുന്നേരം യാത്ര ആരംഭിച്ചു. രാത്രി ആയപ്പോൾ ചെക്ക്പോസ്റ്റ് അടച്ചതുകൊണ്ട് അതിനോട് ചേർന്നുള്ള ഒരു കടയുടെ അടുത്ത് വണ്ടി ഒതുക്കി. അപ്പോൾ ഒരാൾ അത് വഴി ഓടി വന്നു. അയാൾ കടയിലേക്ക് ഓടി കയറി പറയുന്നത് കേട്ടു, ഒരു കൊമ്പൻ വരുന്നുണ്ടെന്ന്..!! കടക്കാരൻ ഞങ്ങളോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞു.

പേടിച്ച് വിറച്ച് ഞങ്ങൾ വണ്ടിയിൽ തന്നെ ഇരുന്നു. കൊമ്പൻ വരുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളുടെ മുന്നിൽ ഉള്ള ആനച്ചാല് വഴി കൊമ്പൻ തിരിഞ്ഞു പോയി. അല്ലെങ്കിൽ അത് ഞങ്ങളുടെ അടുത്തേക്ക് വന്നേനെ, ചവിട്ടി കൊന്നേനെ, ഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്.. എന്തായാലും രാവിലെ ഞങ്ങൾ ചെക്ക് പോസ്റ്റ് തുറന്നപ്പോൾ മസിനഗുഡിയിലേക്ക് യാത്ര തുടർന്നു. കൃഷ്ണയുടെ മറയൂർ യാത്രയും ശർക്കര ഉണ്ടാക്കുന്ന സ്ഥലവുമെല്ലാം വിഡിയോയിൽ കാണാം.

CATEGORIES
TAGS