‘അങ്ങനെ അവർ ഒന്നിക്കുകയാണ്! നിവിൻ, പ്രണവ്, ധ്യാൻ എന്നിവർക്ക് ഒപ്പം വിനീത്..’ – ഏറ്റെടുത്ത് ആരാധകർ

ഹൃദയം എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ അതിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. നിവിൻ പൊളി അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ഒരു നീണ്ടതാര നിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് ഇത്.

കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സർപ്രൈസ് താരങ്ങൾ വേറെയുമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഏപ്രിലാണ് സിനിമയുടെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. വെക്കേഷൻ സീസൺ ആയതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാൽ കളക്ഷൻ തൂക്കുമെന്ന് ഉറപ്പാണ്.

സിനിമയുടെ ഡബ്ബിങ് ഇപ്പോൾ ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് സിനിമയിൽ അഭിനയിച്ച പ്രധാന താരങ്ങൾക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “വർഷങ്ങൾക്ക് ശേഷം” എന്ന ഹാഷ് ടാഗോടെ വിനീത് പ്രണവ് മോഹൻലാലിനും നിവിൻ പൊളിക്കും ധ്യാൻ ശ്രീനിവാസനും ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.

ഈ ഏപ്രിൽ തിയേറ്റർ പൂരപ്പറമ്പാക്കണമെന്ന് ആരാധകരിൽ ചിലർ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് അജു വർഗീസിന് ജന്മദിനാശംസകൾ നേർന്നുള്ള ഒരു ക്യാരക്ടർ പോസ്റ്ററും മാത്രമാണ് ഇതുവരെ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിട്ടുള്ളത്. പ്രണവും വിനീതും ഇതിന് മുമ്പ് അഭിനയിച്ച് റിലീസ് ചെയ്ത ഹൃദയം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതുപോലെ നിവിനൊപ്പം വിനീത് ചെയ്ത പടങ്ങൾ എല്ലാം സൂപ്പർഹിറ്റും ആയിരുന്നു.