‘വിശുദ്ധ മക്കയിലും മദീനയിലും എത്തി! ഉംറ നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചു..’ – സന്തോഷം പങ്കുവച്ച് നടി ഷംന കാസിം

മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി ഷംന കാസിം. 2022-ലായിരുന്നു ഷംനയുടെ വിവാഹം. ദുബൈയിൽ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയുമായിട്ടാണ് ഷംന വിവാഹിതയായത്. ഈ കഴിഞ്ഞ ഏപ്രിൽ ഒരു ആൺകുഞ്ഞിന് ഷംന ജന്മം നൽക്കുകയും ചെയ്തിരുന്നു. ഹംദാൻ എന്നാണ് മകന്റെ പേര്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഷംന സാധിച്ചിരിക്കുകയാണ്. സൗദി അറബിയിലെ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷമാണ് ഷംന തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ഷംനയ്ക്ക് ഒപ്പം കുഞ്ഞിനെയും ചിത്രങ്ങളിൽ കാണാം. ഇരുവർക്കും ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഷംനയുടെ ഭർത്താവ് ഷാനിദ് ഒപ്പം ഉണ്ടായിരുന്നില്ല.

“വിശുദ്ധ മക്കയിലും മദീനയിലും എത്തി. ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് അൽഹംദുലില്ലാഹ് സ്തുതി..”, ചിത്രങ്ങൾക്ക് ഒപ്പം ഷംന കാസിം കുറിച്ചു. ‘നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവളാണ്.. മാഷാ അല്ലാഹ്..’, നടി രചന നാരായണൻകുട്ടി പോസ്റ്റിന് താഴെ കമന്റ് ഇട്ടു. ഭർത്താവ് ഷാനിദും നടി ഡയാന ഹമീദും ‘അൽഹംദുലില്ലാഹ്’ എന്ന് കമന്റ് ഇടുകയുണ്ടായി. ഇതിനേക്കാൾ വലിയയൊരു ഭാഗ്യം കിട്ടാനില്ലെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.

അലി ഭായിയിലെ കിങ്ങിണി എന്ന കഥാപാത്രത്തിലൂടെയാണ് ഷംന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ശേഷം തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സിനിമകൾ ചെയ്തു തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയായി മാറി. സ്റ്റേജ് ഷോകളിൽ കാണികളെ ഇളകിമറിക്കുന്ന ഡാൻസ് പ്രകടനം കാഴ്ചവെക്കുന്ന ഒരാളുകൂടിയാണ് ഷംന. പൂർണ എന്ന പേരിലും തെലുങ്കിൽ താരം അറിയപ്പെടുന്നുണ്ട്.