‘ഭാഗ്യയ്ക്ക് ആശംസകളുമായി ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ വീട്ടിൽ..’ – സ്വീകരിച്ച് ഭാര്യ രാധിക

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആഘോഷങ്ങൾ ഇതിനോടകം കുടുംബം ആരംഭിച്ചു കഴിഞ്ഞു. സംഗീത് രാത്രിയും ഹൽദി ചടങ്ങുമെല്ലാം ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം സുരേഷ് ഗോപിയുടെ വീട്ടിലേക്ക് എത്തി തുടങ്ങുകയും ചെയ്തു. ഭാഗ്യയുടെ കല്യാണ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും.

സിനിമ രംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സിനിമ മേഖലയിൽ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാഷ്ട്രീയത്തിലും സജീവമായതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പടെയുള്ളവർ സുരേഷിന്റെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ഭാഗ്യയ്ക്ക് ആശംസകൾ നേരാനും ആശിർവാദിക്കാനും സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദര തുല്യനും സിനിമ നടനുമായ ദിലീപും ഭാര്യ കാവ്യാ മാധവനും. ദിലീപിനെയും കാവ്യയെയും സുരേഷിന്റെ അഭാവത്തിൽ ഭാര്യ രാധിക സുരേഷ് സ്വീകരിക്കുകയും ചെയ്തു. കല്യാണപ്പെണ്ണിന് ഒപ്പം നിന്ന് ദിലീപും കാവ്യയും ഫോട്ടോയും എടുത്തു.

സിനിമയിൽ അഭിനയിക്കുന്ന കാലം തൊട്ട് സുരേഷ് ഗോപിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ദിലീപ്. ദിലീപ് ആദ്യമായി നായകനായ പടത്തിലും സുരേഷ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ദിലീപിനും കാവ്യയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്. സുരേഷിന്റെ ഇളയമകൾ ഭവാനിയും ചിത്രങ്ങളിലുണ്ട്. ജനുവരി പതിനേഴിനാണ്‌ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.