‘അവസാനകാലം വരെ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല, ഇന്ന് ഉണ്ടായിരുന്നേൽ 60 വയസ്സ് ആയേനെ..’ – ഭർത്താവിന്റെ ഓർമ്മകൾ പങ്കുവച്ച് താര കല്യാൺ

സിനിമ, സീരിയൽ നടിയായി മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി താരകല്യാൺ. സമൂഹ മാധ്യമങ്ങളിലും താര കല്യാൺ സജീവമാണ്. അന്തരിച്ച ഭർത്താവ് രാജാറാമിനെ കുറിച്ചുള്ള ഓർമ്മകൾ പലപ്പോഴും താര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിന്റെ അറുപതാം ജന്മദിനം ആണെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ആഘോഷപൂർവം ജന്മദിനം ആഘോഷിച്ചേനെ എന്നും താര കല്യാൺ പങ്കുവച്ചിരിക്കുകയാണ്.

“ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്. ഇന്ന് രാജേട്ടന്റെ ജന്മദിനമാണ്, ജീവിച്ചിരുന്നേൽ ഇന്ന് അദ്ദേഹത്തിന് 60 വയസ്സ് ആയേനെ. സൗഭാഗ്യ ഒക്കെ വളരെ ആഘോഷപൂർവം ജന്മദിനം കൊണ്ടടിയേനെ! പഴയ രാജേട്ടന്റെ ഫോട്ടോയാണ്. അതിസുന്ദരൻ ആയിരുന്നെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഞാൻ രാജേട്ടന്റെ ആദ്യമായി പരിചയപ്പെടുന്നത് നെയ്തുകാരനും രാജകുമാരിയും എന്ന ദൂരദർശനിലെ ടെലി ഫില്മിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്.

നെയ്തുകാരനായി രാജേട്ടനും രാജകുമാരിയായി ഞാനുമാണ് അതിൽ അഭിനയിച്ചത്. അഭിനയത്തെ പോലെ തന്നെ രാജേട്ടന് സംവിധാനവും വലിയ ഇഷ്ടമായിരുന്നു. അവസാനം വരെ രാജേട്ടന് ഒരു വിശ്വാസം ഉണ്ടായിരുന്നു. താൻ എന്നെങ്കിലും ഒരു അറിയപ്പെടുന്ന നടനാകുമെന്ന്, അറിയപ്പെടും എന്നൊക്കെ! ഒരു പോസ്റ്റർ വേണമെന്നൊക്കെ പുള്ളിയുടെ വലിയ ആഗ്രഹമായിരുന്നു. സ്വന്തമായി ഒരു പോസ്റ്റർ പുള്ളി തന്നെ ഡിസൈനും ചെയ്തിട്ടുണ്ട്.

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന രാജേട്ടൻ. ഹാപ്പി ബർത്ത് ഡേ രാജേട്ടാ.. രാജേട്ടൻ എനിക്ക് ഒരുപാട് സ്വന്തന്ത്ര്യം തന്നിട്ടുള്ള വ്യക്തിയാണ്. ഒരുപാട് സ്വന്തന്ത്ര്യം തന്നതുകൊണ്ടാണ് അത് മിസ് യൂസ് ചെയ്യരുതെന്ന് ഞാൻ തന്നെ തീരുമാനിച്ചത്. എന്നെ ഞാൻ ആയിട്ട് തന്നെ ജീവിക്കാൻ അനുവദിച്ച നല്ല വ്യക്തി. അദ്ദേഹം ഇന്ന് എവിടെ ആണെങ്കിലും സന്തോഷമായിട്ട് ഇരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു..”, താരകല്യാൺ പറഞ്ഞു.