‘വർഷങ്ങൾക്ക് ശേഷം ഞാനും മോഹൻലാലും ഒന്നിക്കുന്നു, ഞങ്ങളുടെ 56-തെ ചിത്രം..’ – സന്തോഷം പങ്കുവച്ച് നടി ശോഭന

മലയാള സിനിമയിലെ എവർഗ്രീൻ കോംബോ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിൽ നായകനും നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ് ജോഡി എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോവുകയാണ്. ഇതിന്റെ സന്തോഷം ശോഭന തന്ന പങ്കുവെച്ചു.

“കുറെ വർഷങ്ങൾക്ക് ശേഷം ഞാനൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ഞാൻ വളരെ അധികം ആവേശത്തിലാണ്. തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. കെ.ആർ സുനിലിന് ഒപ്പം തരുൺ തിരക്കഥ എഴുതുന്ന ചിത്രമാണ്. രജപുത്ര ഫിൽംസിന്റെ രഞ്ജിത്താണ് നിർമ്മാണം. നായകൻ ആരാണെന്ന് ഊഹിക്കാമോ? ശ്രീ മോഹൻലാൽ. ഇത് ലാൽജിയുടെ 360-മാതെ ചിത്രമാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.

ഇത് ഞങ്ങളുടെ കോമ്പിനേഷനിൽ എനിക്ക് തോന്നുന്നത് 56-മതെ സിനിമയായിരിക്കും. ഞാൻ വളരെ ആവേശത്തിലാണ്. എല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്ന് ഞാൻ ആഗ്രഹിക്കുന്നു..”, ശോഭന സന്തോഷം പങ്കുവച്ചുകൊണ്ട് പറഞ്ഞു. മോഹൻലാലിൻറെ അടുത്ത സിനിമ തരുൺ മൂർത്തിക്ക് ഒപ്പമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ശോഭനയാണ് നായികയെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, ടിപി ബാലഗോപാലൻ എംഎ, മിന്നാരം, പവിത്രം, വെള്ളാനകളുടെ നാട്, മായാമയൂരം, നാടോടിക്കാറ്റ് തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇരുവരും നായകനും നായികയുമായിട്ടുണ്ട്. മാമ്പഴക്കാലം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി ഇരുവരും നായകനും നായികയുമായത്. ഒരുമിച്ച് അവസാനം അഭിനയിച്ച ചിത്രം സാഗർ ഏലിയാസ്‌ ജാക്കിയുമാണ്. ആ സിനിമ ഇറങ്ങിയിട്ട് 15 വർഷങ്ങൾ കഴിഞ്ഞു.