‘പ്രതിഭയും പ്രതിഭാസവും എന്നൊക്കെ വിട്ടിട്ട്, ഞാനും ലിജോയും ചേർന്ന് ചെയ്തൊരു പടമാണ്..’ – പ്രതികരിച്ച് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരി മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ്. തന്റെ സിനിമകളിൽ വ്യത്യസ്തതകൾ കൊണ്ടുവരാൻ ലിജോ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലിജോ നിരാശപ്പെടുത്തില്ല എന്നാണ് മോഹൻലാൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത തൊട്ടടുത്തതായി മോഹൻലാലിലേക്ക് എത്തുകയായിരുന്നു ലിജോ. മമ്മൂട്ടി ചിത്രത്തേക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിലാണ് മലൈക്കോട്ടൈ വാലിബൻ ചെയ്തിരിക്കുന്നത്. മോഹൻലാലിൻറെ അടുത്ത സുഹൃത്തായ ഷിബു ബേബി ജോണാണ് നിർമ്മാതാവ്. ഇന്ന് സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും പങ്കെടുത്ത ഒരു പ്രസ് മീറ്റ് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഇതിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

“വലിയയൊരു ക്യാൻവാസിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇതിലുണ്ട്. ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന ഒരു സിനിമയാണ് ഇതെന്ന് ഞാൻ പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറെ സംതൃപ്തി നൽകിയ ഒരു ചിത്രമാണ് ഇത്. ഇൻട്രോ കണ്ടിട്ട് വിറക്കുമോ എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല. കണ്ടിട്ടല്ലേ അത് പറയാൻ പറ്റൂ. ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞുകൊണ്ട് എന്റെ അടുത്ത് വരരുത്.

ഷിബു പറയുന്ന പോലെ പ്രതിഭയും പ്രതിഭാസവും എന്നൊക്കെയുള്ളത് വിട്ടിട്ട് ഇത് ഞാനും ഇദ്ദേഹം കൂടി ചേർന്ന് ചെയ്തൊരു സിനിമയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അത് നന്നായോ ഇല്ലയോ എന്നൊക്കെ പറയേണ്ടത് ഞങ്ങൾ അല്ലല്ലോ. ലിജോയെ എനിക്ക് പണ്ട് മുതലേ അറിയാം. അദ്ദേഹത്തിന്റെ അച്ഛനുമായി ഞാനൊരുപാട് സിനിമകൾ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരാളാണ് ലിജോ.