‘ഏറെ സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങിനെ അലോസരപ്പെടുത്താൻ ശ്രമങ്ങൾ..’ – പ്രതികരിച്ച് നടി ശ്രീയ രമേശ്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നാളെ കൊച്ചിയിൽ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് വേണ്ടി നടത്തുന്ന വിവാഹ വിരുന്ന് കൂടി നടക്കുന്നതോടെ വീണ്ടും അത് സജീവമായി നിൽക്കുകയും ചെയ്തു. വിവാഹമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ നടന്നുവെന്ന് ആരോപിച്ച് നടി ശ്രീയ രമേശ് പ്രതികരിച്ചിരിക്കുകയാണ്.

“ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ന് ഗുരുവായൂരപ്പന്റെ നടയിൽ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ സാന്നിധ്യംകൊണ്ട് അത്യപൂർവ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവർത്തകരുടേയും സാന്നിധ്യം.

ഭാഗ്യമോൾക്കും ഭർത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാർത്ഥനകളും. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാൻ/അലോസരപ്പെടുത്തുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. ഇപ്പോഴും നിർത്തിയിട്ടില്ല. തൃശ്ശൂരിലെ പള്ളിയിൽ മാതാവിന്റെ തിരുരൂപത്തിൽ സ്വർണ്ണകിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറമാൻ അത് തട്ടിയിട്ടത് എന്തെല്ലാം ദുർവ്യാഖ്യാനം നൽകിയിവർ.

ഒടുവിൽ ഇതാ പ്രധാനമന്ത്രിയ്ക്ക് അരികെ മമ്മൂക്ക കൈകെട്ടി നിൽക്കുന്ന ഒരു ചിത്രംപോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയിൽനിന്നും അക്ഷതം സ്വീകരിച്ചതും നമ്മൾ കണ്ടു. ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയിൽ കലാകാരന്മാർ ഉൾപ്പെടെ ഉള്ളവർ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ..”, ശ്രീയ കുറിച്ചു.