‘ലിജോ എന്താണെന്ന് പഠിക്കുന്നതെ ഉള്ളൂ, ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്..’ – മോഹൻലാൽ

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ അത് ട്രെൻഡായി മാറിയിരുന്നു. മോഹൻലാലിൻറെ മോശസമയം അവസാനിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

ദൃശ്യം 2, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾ മികച്ച അഭിപ്രായം നേടിയെങ്കിലും അത് രണ്ടും ഒടിടിയിലായിരുന്നു റിലീസ് ആയത്. തിയേറ്ററിൽ ലൂസിഫറിന് ശേഷമിറങ്ങിയ മിക്ക സിനിമകൾക്കും മോശം അഭിപ്രായം ആയിരുന്നു. ലിജോ ഈ കാലത്തെ സംവിധായകരിൽ ഏറ്റവും മികച്ച ഒരാളാണെന്ന് പ്രേക്ഷകർ തന്നെ പറയുമ്പോൾ, ഇരുവരും ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെയാണ് ഓരോ മലയാളികളും പ്രതീക്ഷിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ച ശേഷം ഒരു വലിയ പാർട്ടി ആണ് മോഹൻലാലിനും അഭിനേതാക്കൾക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും വേണ്ടി ഒരുക്കിയത്. ഇതിൽ ലിജോയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. “ലിജോ എന്താണെന്ന് നമ്മൾ പഠിച്ചോണ്ടിരിക്കുന്നതെയുള്ളൂ. നമ്മൾ എന്തിനാണ് അയാളെ കുറിച്ച് അറിയുന്നത്? അയാൾ നമ്മളെയാണ് അറിയേണ്ടത്.

അദ്ദേഹം വളരെ നന്നായി ഇത് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും നല്ല സിനിമകളിൽ ഒന്നായിരിക്കും ഇത്. ലിജോയ്ക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. നമ്മുക്ക് ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നു. ക്ലൈമറ്റും കാര്യങ്ങളുമായി ടെൻഷനുകൾ. പക്ഷേ നമ്മൾ നന്നായി തന്നെ ചെയ്തു. സിനിമ ഓടുന്ന കാര്യമൊക്കെ പിന്നെയാണ്. ഇന്ത്യൻ സ്ക്രീൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നമ്മൾ സൃഷ്ടിച്ചിരിക്കുന്നത്..”, മോഹൻലാൽ പങ്കുവച്ചു.