‘ഓസ്കറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല..’ – മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി

മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം എന്ന സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 2 വർഷമായി മമ്മൂട്ടി എന്ന നടന്റെ ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ അടുപ്പിച്ച് കണ്ടു കഴിഞ്ഞു. ഭ്രമയുഗം സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി.

“ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ 4 യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം, രണ്ടാമത്തേത് ത്രേതായുഗം, മൂന്നാമത്തേത് ദ്വാപരയുഗം, നാലാമത്തേത് കലിയുഗം. ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ 4 യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.

ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്ന പോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി, പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബധിരർ മൂകർ, മാമ ആഫ്രിക്ക,എന്നീ ക്ലാസ്സിക്കുകൾ മലയാളത്തിന് സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്! മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ!

ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമ ലോകത്തെ തന്നെ ഭ്രമിപ്പിക്കുന്നു. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ, സിദ്ധാർഥ്, അമൽഡ ലിസ്, എല്ലാവരും അഭിനയം കൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം..”, സ്വാമി സന്ദീപാനന്ദഗിരി കുറിച്ചു.