‘എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്! എന്തിനാണ് അയിത്തം..’ – താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

താരസംഘടനയായ എ.എം.എം.എയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടി വന്നിട്ടുള്ള വർണ്ണവിവേചന പരാമർശത്തിന് എതിരെ മലയാളികൾ ഒന്നടങ്കം ഒന്നിച്ച് നിന്ന് എതിർത്തിട്ടും അമ്മ സംഘടനയിലെ നേതൃത്വത്തിലുള്ള ആരും ഒരു വാക്ക് സംസാരിക്കുകയോ രാമകൃഷ്ണനെ പിന്തുണക്കുകയോ ചെയ്യാത്തതിന് എതിരെയാണ് ഹരീഷ് പേരാടി സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചത്.

“വംശീ.യവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ ആർഎൽവി രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും എ.എം.എം.എ എന്ന സിനിമ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല.. പീ.ഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.

നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങനെയൊന്നും അഭിനയിക്കരുത്.. ചുരുങ്ങിയ പക്ഷം രാമകൃഷ്ണന് വേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ.. അയാൾ ആനന്ദനൃത്തമാടട്ടെ.. മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം.. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ.. എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്..”, ഹരീഷ് കുറിച്ചു.

അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിൻറെ ചിത്രമായ മലൈക്കോട്ടൈ വാലിബനാണ് ഹരീഷിന്റെ അവസാനമിറങ്ങിയ ചിത്രം. മോഹൻലാലുമായി എന്തെങ്കിലും ദേഷ്യത്തിലാണോ ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റിടാൻ കാരണമെന്നും പലരും ചോദിക്കുന്നുണ്ട്. അതേസമയം രാമകൃഷ്ണൻ-സത്യഭാമ വിഷയം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായി നിൽക്കുകയാണ്. സത്യഭാമ ട്രോളുകൾ ഏറ്റുവാങ്ങുന്നുമുണ്ട്.