‘എനിക്കും വീട്ടുകാർക്കും ചുമയും ശ്വാസം മുട്ടലും, കണ്ണ് നീറി വെള്ളം വന്നു..’ – ബ്രഹ്മപുരം വിഷയത്തിൽ ഗ്രേസ് ആന്റണി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നടന്ന തീ പിടുത്തതിന് കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളും ക്യാമ്പയിനുകളും നടക്കുകയാണ്. പലരും തങ്ങൾക്ക് നേരിടുന്നതും അനുഭവിക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കുന്നുണ്ട്. പത്ത് ദിവസത്തോളം യാതൊന്നും പ്രതികാതെ ഇരുന്ന പല സിനിമ താരങ്ങളും കഴിഞ്ഞ ദിവസം മുതൽ പ്രതികരിച്ച് നേരിടുന്ന ബുദ്ധിമുട്ടുകൾ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ യുവനടിമാരിൽ തിളങ്ങി നിൽക്കുന്ന നടി ഗ്രേസ് ആന്റണി തനിക്കും കുടുംബത്തിനും ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുകയാണെന്നും ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മൾ ഈ നിലയിൽ എത്തിച്ചത് ആരാണ്, നമ്മൾ തന്നെയല്ലേ എന്നും മറ്റുള്ളവരുടെ അവസ്ഥ പറയുന്നതിലും താൻ തന്റെ അവസ്ഥ പറയാമെന്നും കുറിച്ചുകൊണ്ടാണ് ഗ്രേസ് തുടങ്ങിയത്.
പുക ആരംഭിച്ച അന്ന് മുതൽ തനിക്കും തന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങുകയും പിന്നീട് അത് ശ്വാസം മുട്ടലായി മാറുകയും കണ്ണ് നീറി വെള്ളം വരാനും തുടങ്ങുകയും തല പൊളിയുന്ന വേദന ഉണ്ടായെന്നും ഗ്രേസ് സൂചിപ്പിച്ചു. പത്ത് ദിവസമായി അനുഭവിക്കുക ആണെന്നും തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുതെന്നും ഗ്രേസ് ചൂണ്ടികാണിച്ചു.
ഒരു ദുരവസ്ഥ വന്നിട്ട് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുകയല്ലേ വേണ്ടതെന്നും ലോകത്ത് എന്ത് പ്രശ്നമുണ്ടായാലും പൊളിറ്റിക്കൽ കറക്റ്റ് നെസ് പറഞ്ഞിരിക്കുന്ന നമ്മുക്ക് ഇതിനെ കുറിച്ച് ഒന്നും പറയാനില്ലേ എന്നും അതോ പുകയടിച്ച് ബോധം പോയിരിക്കുകയാണോ എന്നും ഗ്രേസ് ചോദിക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യൻ വേണ്ടത് ശ്വാസം മുട്ടിച്ച് കൊല്ലില്ല എന്നൊരു ഉറപ്പാണ് ഇപ്പോൾ അതും പോയികിട്ടിയെന്നും ഗ്രേസ് പോസ്റ്റിൽ കുറിച്ചു.