‘വർഷങ്ങൾക്ക് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് പ്രണവ് എനിക്ക് പെഗ്ഗ് നീട്ടി തന്നപ്പോഴാണ്..’ – ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ-ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പൊളി ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. കല്യാണി പ്രിയദർശനാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ധ്യാൻ പ്രണവിനെ കുറിച്ച് സെറ്റിൽ വച്ചുണ്ടായ ഓർമ്മകൾ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ്.

“സെറ്റിൽ വച്ച് അപ്പുവുമായി ഒരുപാട് നല്ല ഓർമ്മകളുണ്ട്.. പുള്ളിക്ക് മലയാളം എഴുതാനും വായിക്കാനുമൊക്കെ ചെറിയ ബുദ്ധിമുട്ടുണ്ട്. പുള്ളി സ്ക്രിപ്റ്റ് മുഴുവനും ഇംഗ്ലീഷാക്കി കൗണ്ടർ ഡയലോഗ് അടക്കം പഠിച്ചിട്ടാണ് അവൻ വന്നത്. മോഹൻലാൽ എന്ന നടന്റെ മകൻ എന്നൊരു ഫീലെ പുള്ളി നമ്മുക്ക് തരില്ല. എല്ലാവരോടും ഒരുപോലെ പെരുമാറാൻ പറ്റുന്ന ഒരാളോട് നമ്മുക്ക് ഭയങ്കര ഇഷ്ടമായിരിക്കുമല്ലോ.

സെറ്റിൽ എല്ലാവരോടും ഒരുപോലെയാണ് അദ്ദേഹം പെരുമാറുന്നത്. ഇത്രയും വലിയയൊരു നടന്റെ മകനാണെന്നുള്ള ഭാവമൊന്നുമില്ല. നിങ്ങൾക്ക് അറിയാം ഞാൻ കുറച്ച് വർഷങ്ങളായി മദ്യപാനം എന്നൊരു പരിപാടിയില്ല. കുറെ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ് അടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത് അവനൊരു പെഗ് എനിക്ക് നീട്ടി തന്നപ്പോഴാണ്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ പടത്തിന്റെ സെറ്റിൽ വച്ചൊരു പെഗ് അടിച്ചത്.

നമ്മൾ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ചില ആളുകൾ ഉണ്ടാകുമല്ലോ. ഇതൊരു ഓർമ്മ പോലെ പറഞ്ഞതാണ്. അല്ലാതെ ഞങ്ങൾ അവിടെ കള്ളുകുടിച്ച് അലമ്പായിരുന്നു എന്നല്ല. അന്നത്തെ രാത്രി ഭയങ്കര രസകരമായ ഒരു രാത്രിയായിരുന്നു. ഞങ്ങൾക്ക് അധികം സമയം ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിക്ക് ഷൂട്ട് തുടങ്ങും ഒമ്പത്-ഒമ്പതര വരെ ഷൂട്ടുമുണ്ടാകും. ഏറ്റവും നല്ല ഓർമ്മകളാണ് അപ്പുവായിട്ട് ആ നാല്പത് ദിവസം..”, ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു.