‘കറുത്ത നജീബിന്റെ റോൾ ചെയ്യാൻ കണ്ടെത്തിയത് വെളുത്ത ബിലോ ആവറേജ് നടനായ പ്രിത്വിരാജിനെ..’ – വിമർശിച്ച് സംഗീത ലക്ഷ്മണ

ആട് ജീവിതം സിനിമയെയും പൃഥ്വിരാജിനേയും ബ്ലെസ്സിയെയും വിമർശിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. നേരത്തെ നേര് സിനിമ ഇറങ്ങിയപ്പോൾ നടിയും അതിന്റെ തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി പ്രിയയെയും ജീത്തുവിനെയും മോഹൻലാലിനെയും വിമർശിച്ച് വളരെ മോശം വാക്കുകൾ ഉപയോഗിച്ച് പോസ്റ്റ് ഇട്ടതിന് വലിയ പൊങ്കാല കിട്ടിയിരുന്നു. ഇപ്പോൾ പ്രിത്വിരാജിന് എതിരെയും ഇത്തരമൊരു മോശം പരാമർശം വന്നതും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

“പ്രകടനകല സ്വീകാര്യമായതും അവിഭാജ്യമായതുമായ സ്ഥാനം നിറത്തിനുണ്ട് എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ബെന്ന്യാമൻ എഴുതിയ ആട് ജീവിതം എന്ന വിശ്വവിഖ്യാത നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി അണിയിച്ചൊരുക്കുന്ന പുതിയ സിനിമ. പുസ്തകത്തിൽ പറയുന്ന യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥ കഥാപാത്രം നജീബിനെ ഈ അടുത്ത ദിവസങ്ങളിലാണ് യൂട്യൂബിൽ കാണാൻ സാധിച്ചത്.

കറുത്ത നിറമുള്ള നജീബിന്റെ കഥ സിനിമ ആക്കാനായി സിനിമയുടെ അണിയറക്കാർ തീരുമാനിച്ചപ്പോൾ നജീബിന്റെ റോൾ ചെയ്യാൻ കണ്ടെത്തിയത് കറുത്ത നിറമുള്ള ഒരു അഭിനേതാവിനെ അല്ല, പകരം വെളുത്ത നിറമുള്ള പ്രിത്വിരാജ് എന്ന ബിലോആവറേജ് നടനെ ആണ്. കറുത്ത മികച്ച നടന്മാരെ മാറ്റിനിർത്തികൊണ്ട് വെളുത്ത പ്രിത്വിരാജാണ് കറുപ്പ് മേക്കപ്പിട്ട് കറുപ്പ് നിറമുള്ള നജീബായി നമ്മുടെ മുന്നിൽ വരിക. കറുത്ത തൊലിയുള്ള നടന്മാർക്കില്ലാത്തതും വെളുത്ത തൊലിയുള്ളതുമായ ബിലോ ആവറേജ് നടന്റെ മാർക്കറ്റ് വാല്യു ഉപയോഗപ്പെടുത്തി പണം വാരുക എന്നതാണ് ഉദ്ദേശം എന്നത് വ്യക്തമായല്ലോ.

കറുത്ത നിറമുള്ളതും അഭിനയം അറിയാവുന്നതുമായ നടന്മാർക്ക് മലയാള സിനിമയിൽ ക്ഷാമം തീരെയുമില്ല എന്നതോർക്കണം. ഇനി അതുമല്ല, യഥാർത്ഥ നജീബുമായി രൂപസാദ്യശ്യമുള്ള ഒരു പുതിയ അഭിനേതാവിനെ കൊണ്ടുവന്നിരുന്നുവെങ്കിൽ അണിയറക്കാരുടെത് ഒരു എത്തിക്കൽ ചോയിസ് എന്ന് കരുതാമായിരുന്നു. അങ്ങനെ അവർ ചെയ്യാത്തത്, വെളുത്ത നിറത്തോടുള്ള സിനിമ പ്രേക്ഷകരുടെ അടങ്ങാത്ത ആർത്തിയും കറുത്ത നിറത്തോടുള്ള സിനിമ പ്രേക്ഷകരുടെ ചതുർത്ഥിയും അവർക്ക്, സിനിമ ഉണ്ടാക്കി ഇറക്കുന്നവർക്ക് അറിയാവുന്നത് കൊണ്ടാണ്.

നജീബിനെ ഒരു കറുത്ത നിറമുള്ള നടൻ അവതരിപ്പിച്ചാൽ ആ സിനിമ സ്വീകരിക്കില്ല എന്നാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർ കരുതുന്നത്. ഊളയല്ലാത്തതും ഫാനല്ലാത്തതുമായ ഞാൻ കരുതുന്നത് ‘വാസ്തവം’ എന്ന സിനിമയിൽ മാത്രമാണ് പ്രിത്വിരാജ് എന്ന നടനെ കാണാൻ സാധിച്ചിട്ടുള്ളത് എന്നാണ്. ബാക്കിയുള്ളതൊക്കെ ഗോഷ്ടികളാണ്, കോപ്രായങ്ങളാണ് എന്നാണ്. യഥാർത്ഥ നജീബ് തന്നെ പറയുന്നുണ്ട് സിനിമയിലെ നജീബ് മുഴുവനായും ഒത്തിട്ടില്ല എന്ന്. ഊളഫാൻസിന്റെ കണ്ണിൽ പൊടിയിടാനായി നജീബ് എന്ന കഥാപാത്രം ആവാൻ പ്രിത്വിരാജ് കിലോകണക്കിന് ഭാരം കുറച്ചത് വലിയ അവകാശമായി ഉന്നയിക്കുന്നുണ്ട്.

ആര് ഉന്നയിക്കുന്നുണ്ട്? വെളുത്ത തൊലിയുള്ള പ്രിത്വിരാജ് തന്നെ ഉന്നയിക്കുന്നുണ്ട്. ഊള ഫാൻസിന് ഓൻ്റെ തൊലി വെളുപ്പിനോടുള്ള ഓബേഷൻ പ്രയോജനപ്പെടുത്തി ബോക്സ് ഓഫീസ് നിറയ്ക്കാൻ അവൻ ഭാരംകുറച്ചു. കറുത്ത നിറമുള്ള ഒരു നടന് ലഭിക്കുമായിരുന്ന അവസരം തൊലിവെളുപ്പിന്റെ പിൻ ബലത്തിൽ ബിലോ ആവറേജ് നടനായ പ്രിത്വിരാജ് സ്വന്തമാക്കുന്നു. കറുത്ത നജീബിന്റെ ജീവിതം വിൽപന ചരക്കാക്കികൊണ്ട് വെളുത്ത പ്രിത്വിരാജ് ഓടി നടന്ന് സിനിമയുടെ പ്രീ റിലീസ് പ്രമോഷൻ നടത്തുകയാണ്. കറുത്ത നിറമുള്ള നടന്മാരോടുള്ള വർണവിവേചനമാണ്.

ചൂഷണമാണ് ബ്ലസിയുടെ പ്രിത്വിരാജ് ചിത്രമായ ആട് ജീവിതം. ഫാൻസിന് ഇതൊന്നും വിഷയമല്ല. വെളുപ്പിനെ തലോടി കൊണ്ട്, പിടിവിടാതെ വെളുപ്പിനെ നേഞ്ചോട് ചേർത്ത് മുറുകെ പിടിച്ചുകൊണ്ട് കറുപ്പിന് ഊള ഫാൻസ് ജയ് വിളിക്കും. കലയ്ക്ക് നിറമില്ല പോലും. കലയിൽ നിറത്തിന് സ്ഥാനമില്ല എന്ന് കഴിഞ്ഞ വാരം ഘോരഘോരം വാദിച്ച നാണമില്ലാത്ത ഫാൻസ് എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തിൽ നിന്ന് നീക്കിയിരിപ്പ് നടത്തി പോയി ടിക്കറ്റ് എടുത്ത് ആടുജീവിതം സിനിമ വിജയിപ്പിച്ചു കൊടുക്കണം.

ഫാൻസിന്റെ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് പ്രിത്വിരാജിന്റെയും ഓന്റെ ചങ്ങായിമാരുടെയും കാർകളക്ഷനിലേക്ക് മാർക്കെറ്റിലിറങ്ങുന്ന ഏറ്റവും പുതിയ, ഏറ്റവും വിലപിടിപ്പുള്ള ആഡംഭരകാറുകൾ എത്തട്ടെ, അവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകൾ കൂടുതൽ കൂടുതൽ കോടികൾ കൊണ്ട് നിറയട്ടെ. കറുത്ത മികച്ച നടന്മാരെ മാറ്റി നിർത്തുന്ന വെളുത്ത സിനിമാക്കാരുടെ ഊള ഫാൻസ് അപ്പോഴും പറയും കലയിൽ നിറത്തിന് സ്ഥാനമില്ലെന്ന്.. എന്തൊരു തരം ഹിപ്പോക്രിസിയാണ്, എന്തൊരു തരം കാപട്യമാണ് ഇതൊക്കെ..”, സംഗീത ലക്ഷ്മണ കുറിച്ചു.