‘കുടുംബസമേതം വോട്ട് ചെയ്യാൻ എത്തി താരങ്ങൾ..’ – ചിത്രം പങ്കുവച്ച് നടി ആശ ശരത്തും ഷാജി കൈലാസും

തിരഞ്ഞെടുപ്പ് സമയങ്ങളിൽ സിനിമ താരങ്ങളുടെ വോട്ട് ഇടുന്നത് വാർത്ത ചാനലുകളിൽ പ്രതേകം എടുത്തു പറയുന്ന ഒന്നാണ്. താരങ്ങളുടെ പിറകെ ക്യാമറയുമായി റിപ്പോർട്ടർ പോവുകയും അവരോട് കാര്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്നും താരങ്ങൾ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അതിരാവിലെ ഏഴുമണിക്ക് തന്നെ പല സിനിമ താരങ്ങളും വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ഫഹദ് ഫാസിലും അച്ഛൻ ഫാസിലും, ടോവിനോ തോമസ്, ആസിഫ് അലി, ദിലീപ്, റിമ കല്ലിങ്കലും ആഷിഖ് അബുവും, രഞ്ജി പണിക്കർ, ശ്രീനിവാസൻ, അന്ന രാജൻ, ധർമ്മജൻ ബോൾഗാട്ടി, ഇടവേള ബാബു, ഷീലു എബ്രഹാം, ശ്രീയ രമേശ്, വിന്ദുജാ മേനോൻ എന്നിവർ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും വിഡിയോസും സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ടായിരുന്നു. സിനിമ സ്ഥാനാർത്ഥികളും വോട്ട് രേഖപ്പെടുത്തി.

നടൻ സുരേഷ് ഗോപി, കൃഷ്ണകുമാർ, മുകേഷ് എന്നീ താരങ്ങൾ അവരവരുടെ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. കുടുംബസമേതം വന്ന് വോട്ട് രേഖപ്പെടുത്തിയ താരകുടുംബങ്ങളുടെ ഫോട്ടോസാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടുന്നത്. ഇതിൽ സ്ഥാനാർഥിയായ കൃഷ്ണകുമാറിന്റെ കുടുംബവും അതുപോലെ സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും മക്കളുമുള്ള കുടുംബ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്.

നടി ആഷ് ശരത്തും കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭർത്താവിനും അമ്മയ്ക്കും രണ്ട് പെണ്മക്കൾക്കും ഒപ്പമാണ് ആശ ശരത്ത് എത്തിയത്. “എൻ്റെ അവിശ്വസനീയമായ ഇന്ത്യക്ക് വേണ്ടി അഭിമാനത്തോടെ വോട്ട് ചെയ്തു.”, എന്നാണ് ആശ ശരത്ത് കുറിച്ചത്. “നാളെയുടെ ഭാവി മുൻകൂട്ടി കാണാനുള്ള എൻ്റെ അവകാശം ഞാൻ രേഖപ്പെടുത്തി” എന്ന് കുറിച്ചുകൊണ്ടാണ് ഷാജി കൈലാസ് ചിത്രം പോസ്റ്റ് ചെയ്തത്.