‘എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക്..’ – പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ

ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വികസനത്തിന് വേണ്ടിയാണ് താൻ വോട്ട് ചെയ്തിട്ടുള്ളതെന്നും വികസനത്തിന് വേണ്ടി നിൽക്കുന്നവർ വിജയിക്കട്ടെ എന്നും കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ചു. ആലപ്പുഴയിലായിരുന്നു കുഞ്ചാക്കോയ്ക്ക് വോട്ട് ഉണ്ടായിരുന്നത്.

“കുറെ നാളുകൾക്ക് ശേഷമാണ് ആലപ്പുഴയിലേക്ക് വരാൻ സാധിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകൾ കാരണം നടക്കാറില്ലായിരുന്നു. വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നതും കുറെ നാളുകൾക്ക് ശേഷമാണ്. അത് നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാജ്യത്തിൻറെ വികസനത്തിന് കൂടെയാണ് ഞാൻ എപ്പോഴും ഉണ്ടായിരിക്കുക. ആ രീതിയിൽ തന്നെ ഏറ്റവും നല്ല രീതിയിൽ വികസനത്തിന് വേണ്ടി നിൽക്കുന്നവർ വിജയിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സന്തോഷം.

നിങ്ങളെയൊക്കെ കാണാൻ വേണ്ടിയിട്ടാണ് ഞാൻ ഇവിടെ വന്നത്. പുത്തൻ ട്രെൻഡ് എന്താണെന്ന് എനിക്ക് അറിയില്ല. വികസനം തന്നെയായിരിക്കും അതിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യമെന്ന് പറയുന്നത്. അതാണ് എനിക്ക് തോന്നുന്നത്. അത് തിരിച്ചറിയുന്ന വിവേകമുള്ള ഒരു ജനത, രാഷ്ട്രീയ ബോധമുള്ള ജനം തന്നെയാണ് നമ്മൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അർഹിക്കുന്ന ആളുകൾ തന്നെ വിജയിക്കട്ടെ.

അത് നമ്മൾ ചെയ്യേണ്ട കാര്യമാണ്. നമ്മുടെ അവകാശമാണ്. അത് വിനിയോഗിക്കുന്നു..”, കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. കുഞ്ചാക്കോ ബോബന്റെ വാക്കുകളിൽ നിന്ന് ആർക്കായിരിക്കും താരം വോട്ട് ചെയ്തിട്ടുണ്ടാവുക എന്നാണ് മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് ആണെന്ന് തരത്തിൽ പല കമന്റുകളും വന്നിട്ടുണ്ടായിരുന്നു.