‘5 വർഷം മുമ്പുള്ള എന്റെ പെണ്ണ് കാണൽ ഇങ്ങനെ..’ – ഓർമ്മ ചിത്രങ്ങൾ പങ്കുവച്ച് നടി മുക്ത

അച്ഛൻ ഉറങ്ങാത്ത വീടിലെ ഗംഭീര പ്രകടനത്തിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി മുക്തയുടെ. ആ സിനിമയിലെ ലിസമ്മ എന്ന കഥാപാത്രം അത്ര മനോഹരമായിട്ടാണ് മുക്ത അവതരിപ്പിച്ചത്. മോഡൽ, ക്ലാസിക്കൽ ഡാൻസർ, അഭിനയത്രി എന്നീ മേഖലയിൽ കഴിവ് തെളിയിച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല.

2015-ൽ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരനുമായാണ് താരം വിവാഹിതയായത്. എൽസ ജോർജ് എന്നാണ് മുക്തയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് താരം മുക്ത എന്ന പേരിൽ അറിയപ്പെട്ടത്. തമിഴിലും അഭിനയിച്ചിട്ടുള്ള താരം അവിടെ മുക്ത ഭാനു എന്ന പേരിലുമാണ് അറിയപ്പെടുന്നത്. തമിഴിലെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു അത്.

2017ൽ പുറത്തിറങ്ങിയ പാമ്പു സട്ടൈ എന്ന തമിഴ് ചിതമാണ് മുക്ത അഭിനയിച്ച അവസാനസിനിമ. അതിന് ശേഷം സീരിയലിലേക്ക് തിരിഞ്ഞ മുക്ത ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി.വിയിലെ കൂടത്തായി എന്ന സീരിയലിൽ അഭിനയിച്ചുവരികയായിരുന്നു. ആ സമയത്താണ് ലോക് ഡൗൺ വരികയും ഷൂട്ടിംഗ് നിർത്തി വെക്കുകയും ചെയ്തത്.

ലോക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന താരം മകൾ കിയാരക്കൊപ്പമുള്ള ചിത്രങ്ങളും അടുക്കളയിലെ ചില പരീക്ഷണങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മകളുടെ ടിക് ടോക് വീഡിയോ ആ സമയത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മയുടെ അതെ മുഖസാദൃശ്യം ഉണ്ടെന്ന് വീഡിയോയുടെ താഴെ പലരും കമന്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ പെണ്ണ് കാണലിന്റെ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് താരം. ‘അഞ്ച് വർഷം മുമ്പ് ഒരു ജൂലൈ 12-ന് ഉണ്ടായ ആ മധുരിക്കും ഓർമ്മകൾ.. എന്റെ പെണ്ണ് കാണൽ..’ മുക്ത ചിത്രങ്ങളോടൊപ്പം കുറിച്ചു. 2015 ഓഗസ്റ്റ് 30നായിരുന്നു മുക്തയും ഭർത്താവ് റിങ്കു ടോമിയും തമ്മിലുള്ള വിവാഹം.

CATEGORIES
TAGS