‘വീട്ടിലേക്ക് വെള്ളം കയറി തുടങ്ങി! ജലനിരപ്പ് ഭയപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു..’ – സഹായം അഭ്യർത്ഥിച്ച് വിഷ്ണു വിശാൽ

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്യുന്ന മഴയിൽ ചെന്നൈയിൽ വെള്ളപ്പൊക്കത്തിന് സമാനമായ രീതിയിലാണ് നദികളിൽ നിന്ന് കരകവിഞ്ഞ് വെള്ളമൊഴുകി നഗരവും ചില ഗ്രാമപ്രദേശങ്ങളും വെള്ളത്തിന് അടിയിൽ ആയിരിക്കുകയാണ്. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുകയും വെള്ളക്കെട്ടിൽ കുടുങ്ങി കിടക്കുന്നവർക്ക് ആഹാരണസാധനങ്ങളോ മരുന്നോ എത്തിക്കാൻ സാധിക്കുന്നില്ല.

ചെന്നൈയിലുണ്ടായ വെള്ളപൊക്കത്തിന്റെ രൂക്ഷമായ അവസ്ഥ കാണിച്ചുകൊണ്ട് ഇപ്പോൾ തമിഴ് നടൻ വിഷ്ണു വിശാൽ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ വീട്ടിലേക്ക് വെള്ളം കയറിയെന്നും അതുപോലെ ജലനിരപ്പ് ക്രമാതീതമായി ഉയരുക ആണെന്നും വിഷ്ണു വിശാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. വൈദ്യുതിയോ ഫോൺ സിഗ്നൽ പോലും കിട്ടുന്നില്ലെന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

“വീട്ടിലേക്ക് വെള്ളം കയറുകയും കാരപ്പാക്കത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്യുന്നു.. ഞാൻ സഹായത്തിനായി വിളിച്ചിട്ടുണ്ട്. വൈദ്യുതിയില്ല, വൈഫൈയില്ല, ഫോൺ സിഗ്നൽ ഇല്ല, ഒന്നുമില്ല.. ടെറസിൽ ഒരു സ്ഥലത്ത് മാത്രമേ എനിക്ക് കുറച്ച് സിഗ്നൽ ലഭിക്കുന്നുള്ളൂ. എനിക്കും ഇവിടെയുള്ള പലർക്കും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ചെന്നൈയിലുടനീളമുള്ള ആളുകളോട് അവസ്ഥ മനസിലാകുന്നു..”, അദ്ദേഹം കുറിച്ചു.

വിഷ്ണു വിശാലിന്റെ ട്വീറ്റ് വന്ന് മൂന്ന് മണിക്കൂറിന് ശേഷം അദ്ദേഹം തന്നെ തനിക്ക് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് സഹായവുമായി എത്തിയെന്നും കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ ചിത്രത്തിൽ വിഷ്ണു മാത്രമല്ല, ബോളിവുഡ് സൂപ്പർസ്റ്റാറായ ആമിർ ഖാനെയും കാണാം. അദ്ദേഹം എങ്ങനെ അവിടെ വന്നുവെന്നും പലരും ചോദിച്ചിട്ടുണ്ട്. വിഷ്ണു വിശാലിന്റെ ഭാര്യ ജ്വാല ഗുട്ടയെയും ചിത്രത്തിൽ കാണാൻ സാധിക്കും.