‘പ്രേരകമായത് ജാതി, നിറം! വിനായകനാണ് കുറ്റക്കാരൻ എങ്കിലും അദ്ദേഹത്തോടൊപ്പം..’ – പിന്തുണച്ച് ഇടത് അനുഭാവിയായ യുവതി

പൊലീസ് സ്റ്റേഷനിൽ എത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകൻ എതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും ഇന്നലെ മലയാളികൾ കണ്ട വാർത്തയാണ്. ഭാര്യയുമുള്ള പ്രശ്നത്തെ തുടർന്ന് വിനായകൻ തന്നെ പൊലീസിനെ വിളിക്കുകയും പൊലീസുകാരോടൊപ്പം യൂണിഫോമിൽ അല്ലാതെ ഒരു പൊലീസുകാരി വരികയും ചെയ്തു. അവർ പോയതിന് പിന്നാലെ വന്ന പെൺകുട്ടി ആരാണെന്ന് തിരക്കി സ്റ്റേഷനിൽ മദ്യപിച്ച് എത്തി വിനായകൻ ബഹളം വെക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത്.

വിനായകനെതിരെ ചെറിയ വകുപ്പുകൾ എടുത്ത് ജാമ്യം അനുവദിച്ചുവെന്ന് ഒരു ആക്ഷേപം ഉയരുന്നുണ്ട്. സാധാരണക്കാരൻ ആണെങ്കിൽ ഇത്തരം വകുപ്പുകൾ ഇടുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം വിനായകനെ പിന്തുണച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറലാവുകയാണ്. ഇടതുപക്ഷ അനുഭാവിയായ നിഷ രാജപ്പൻ എന്ന യുവതിയുടെ കുറിപ്പാണ് ഇത്. “വിനായകന്റെ സ്റ്റേഷനിലെ വീഡിയോ കണ്ടു. വിനായകൻ:- എന്റെ വീട്ടിൽ വന്ന സ്ത്രീ ആരാണ്? ഇൻസ്‌പെക്ടർ:- അവർ വനിതാ പൊലീസാണ്.

വിനായകൻ:- അവർ യൂണിഫോമിൽ ആയിരുന്നില്ല, ഐഡി കാർഡ് ചോദിച്ചിട്ടും കാണിക്കാൻ തയാറായില്ല. എന്തുകൊണ്ട്? ഇൻസ്‌പെക്ടർ:- ഐഡി കാണിക്കാൻ നീ ആരാടാ? വിനായകൻ:- ഞാൻ ഈ രാജ്യത്തെ ഒരു പൗരനാണ്. എനിക്ക് വീട്ടിൽ വന്നയാൾ യൂണിഫോമിൽ അല്ലെങ്കിൽ ഐഡി ചോദിക്കാൻ അധികാരമുണ്ട്. ഞാനങ്ങനെ ഇങ്ങനെ പൊലീസിനെ വിമർശിക്കുന്ന ആളല്ല. പക്ഷേ വീട്ടിൽ കയറി വന്ന മഫ്തിയിലുള്ള ആൾ പൊലീസ് ആണോ കൊള്ളക്കാരാണോ എന്നറിയാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരനുണ്ട്.

അത് ചോദിച്ചതിനാണ് അയാളെ എടാപോടാ എന്നൊക്കെ വിളിക്കുന്നത്. ഒരു പാൻ ഇന്ത്യൻ നടനായിട്ടും അയാൾക്കിത് കേൾക്കേണ്ടി വരുന്നതിന് കാരണത്തെ ഒന്നേയുള്ളൂ. കോടികൾ പ്രതിഫലമായി ജയിലറിൽ അയാൾക്ക് കിട്ടിയപ്പോഴും അത് 35 ലക്ഷമാക്കി ചുരുക്കി കെട്ടാൻ മനോരമ കാണിച്ച ഉത്സാഹത്തിന് പ്രേരകമായ അയാളുടെ ജാതി, നിറം, കുലം, അല്ലാതെ ഒന്നുമില്ല. വിനായകനാണ് കുറ്റക്കാരൻ എങ്കിലും ഞാൻ വിനായകനോടൊപ്പമാണ്. അയാളുടെ കുലത്തിനോട് സമൂഹം കാണിക്കുന്ന അനീതികൾക്ക് എതിരെയാണ് അയാളുടെ ശബ്ദമെന്ന് ഉറച്ചു വിശ്വസിക്കുന്നു..”, യുവതി കുറിച്ചു.