‘കാക്കനാട് ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധ! ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു..’ – സംഭവം ഇങ്ങനെ

കാക്കനാട്:- ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശിയായ രാഹുൽ ആർ നായരാണ് അന്തരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാഹുൽ വെന്റിലേറ്ററിൽ ആയിരുന്നു. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ കാക്കനാടുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചത്.

അന്ന് മുതലാണ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തു. രാഹുലിന് ഡയാലിസിസും ശേഷം നടത്തിയിരുന്നു. ഡോക്ടർമാരോട് ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് രാഹുൽ പറഞ്ഞിരുന്നു.

യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ് സംഭവമായി ബന്ധപ്പെട്ട് ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഹോട്ടലുകാർക്ക് ഷവർമയ്ക്ക് ഒപ്പം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.