‘വീഡിയോ എടുത്തെന്ന് ആരോപിച്ച് സഹയാത്രികനെ നടൻ വിനായകൻ അപമാനിച്ചു..’ – സംഭവം ഇങ്ങനെ

സിനിമ നടൻ വിനായകനെതിരെ നടപടി എടുക്കണമെന്ന് ഇൻഡിഗോയോട് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈകോടതിയിൽ ഹർജി. ജിബി ജെയിംസ് എന്ന വ്യക്തിയാണ് കോടതിയിൽ സമീപിച്ചിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ ബോർഡ് ചെയ്യാൻ നിൽക്കുന്ന സമയത്താണ് വിനായകൻ സഹയാത്രികനെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്.

ഗോവ വിമാനത്താവളത്തിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടകുന്നത്. ചണ്ഡിഗഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഇടെയാണ് നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായത് എന്നും പരാതിയിൽ ജിബി ആരോപിക്കുന്നു. ബോർഡിങ് ബ്രിഡ്ജിൽ വച്ച് ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ജിബി വിനായകന്റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ച് താരം മോശമായി രീതിയിൽ അപമാനിച്ചുവെന്ന് പരാതിയിൽ പറയുന്നു.

വീഡിയോ എടുക്കുകയല്ലായിരുന്നുവെന്നും വേണമെങ്കിൽ ഫോൺ പരിശോധിച്ചുകൊള്ളാൻ വിനായകനോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ താരം അധിക്ഷേപം തുടർന്നുവെന്നും പരാതിയിലുണ്ട്. തുടർന്ന് ഇൻഡിഗോ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിന് പുറത്തിറങ്ങിയ ശേഷം നടന്നൊരു സംഭവമായതുകൊണ്ട് ഒന്നും ചെയ്യാൻ ഇല്ലെന്ന നടപടിയാണ് വിമാനക്കമ്പനി സ്വീകരിച്ചത്.

ഇതിന് എതിരെയാണ് പരാതിക്കാരൻ കോടതിയിൽ സമീപിച്ചിരിക്കുന്നത്. നടനെതിരെ വിമാന കമ്പനി നടപടി എടുക്കണമെന്നാണ് ജിബിയുടെ ആവശ്യം. ഇതിന് മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഒരാളാണ് വിനായകൻ. ഒരുത്തി സിനിമയുടെ പ്രൊമോഷന്റെ സമയത്ത് മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് മുമ്പൊരിക്കൽ മാപ്പ് പറഞ്ഞയാളാണ് വിനായകൻ. ഇത് കൂടാതെ ഒരു മീ ടു ആരോപണമുണ്ട്.