November 29, 2023

‘എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, നിന്നെ പോലെ മറ്റാരുമില്ല..’ – ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കി നയൻ‌താര

തെന്നിന്ത്യൻ സിനിമയിലെ ഏറെ ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി നയൻ‌താര. സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം, പിന്നീട് അമ്മയായ വിവരവുമെല്ലാം നയൻതാരയുടെ ഓരോ നിമിഷങ്ങളും ആരാധകരും ആസ്വദിച്ചിരുന്നു. ഈ അടുത്തിടെ നയൻ‌താര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചപ്പോൾ ആരാധകർ അതിവേഗമാണ് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയത്.

വെറുതെ സോഷ്യൽ മീഡിയയിൽ ഒരു വരവ് മാത്രമായിരുന്നില്ല. തന്റെ പുതിയ സംരംഭത്തിന്റെ തുടക്കവും അതിലൂടെ തന്നെയാണ് ഈ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭർത്താവിന്റെ ജന്മദിനത്തിൽ നയൻ‌താര പങ്കുവച്ച മനോഹരമായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വിക്കിയുടെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തു നയൻ‌താര.

“എന്റെ അനുഗ്രഹത്തിന് ജന്മദിനാശംസകൾ.. ഈ പ്രത്യേക ദിനത്തിൽ എനിക്ക് നിന്നെക്കുറിച്ച് എഴുതാൻ ഒരുപാടുണ്ട്. എന്നാൽ തുടങ്ങിയാൽ പിന്നെ കുറച്ച് കാര്യങ്ങളിൽ മാത്രം നിർത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നീ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ നിന്നോട് വളരെ നന്ദിയുള്ളവളാണ്. നമ്മുടെ ബന്ധത്തോട് നീ കാണിക്കുന്ന ബഹുമാനത്തിനും ഞാൻ നന്ദിയുള്ളവളാണ്. നിന്നെ പോലെ മറ്റാരുമില്ല.

എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. അത് വളരെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കി. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും മികച്ചതാണ്. എന്റെ ‘ഉയിര്’ ജീവിതത്തിലെ എല്ലാറ്റിലും മികച്ചതായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിന്റെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടട്ടെ.. എല്ലാം കൊണ്ടും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ഐ ലവ് യു..”, നയൻ‌താര വിക്കിക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു.

ജന്മദിനത്തിന് സർപ്രൈസ് നൽകിയതിന് വിക്കിയും ഒരു കുറിപ്പ് പങ്കുവച്ചു. “അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനം.. ലവ് യു നയൻ‌താര.. സന്തോഷകരവും ഹൃദയസ്പർശിയായതുമായ ആശ്ചര്യങ്ങളുടെ ഒരു ശ്രേണി ഒരുക്കിയതിന് മുഴുവൻ ഹോം ക്രൂവുവിനും നന്ദി..”, ജന്മദിനാഘോഷങ്ങളുടെ ഫോട്ടോസ് പങ്കുവച്ചുകൊണ്ട് വിഘ്‌നേശ് കുറിച്ചു. ഇരുപോസ്റ്റുകളിലും വിഘ്‌നേശിന് ജന്മദിനം ആശംസിച്ച് ഒരുപാട് പേർ കമന്റ് ഇട്ടിട്ടുണ്ട്.