‘പ്രാണപ്രതിഷ്ഠാ ദിനത്തില്‍ വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണം..’ – അഭ്യർത്ഥനയുമായി നടൻ ഉണ്ണി മുകുന്ദൻ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഈ ജനുവരി 22-നാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി എത്തുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ആഘോഷങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളൊക്കെ ഇതിനോടകം ഉയർന്നുവന്നു കഴിഞ്ഞിട്ടുണ്ട്.

പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവിടെ പൂജിച്ച അക്ഷതം ഭക്തർക്കും അതുപോലെ സിനിമ താരങ്ങൾക്കുമൊക്കെ നൽകിയതൊക്കെ വലിയ വാർത്തയായിരുന്നു. അതുപോലെ ഗായിക കെ.എസ് ചിത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ വൈകുന്നേരങ്ങളിൽ എല്ലാവരും ദീപം തെളിയിക്കണമെന്നും രാമാനാമം ജപിക്കണമെന്നും പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ട്രോളുകളും മോശമായ രീതിയിലുള്ള പ്രതികരണങ്ങളും വന്നിരുന്നു.

പക്ഷേ ചിത്രയെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും അതുപോലെ സിനിമയിലെ ചില താരങ്ങളും ഗായകരും രംഗത്ത് വന്നതോടെ ആ വിവാദം കെട്ടടങ്ങി. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വന്ന പ്രധാനമന്ത്രി അവിടെ വന്ന താരങ്ങൾക്ക് എല്ലാം അക്ഷതം കൈമാറിയിരുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് പോസ്റ്റാണ് ചർച്ചയായി മാറിയിരിക്കുന്നത്.

“ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം..”, ഇതായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്. ഇതിന് താഴെ നിരവധി പേർ ജയ് ശ്രീറാം എന്ന് കമന്റൊക്കെ ഇട്ടിട്ടുണ്ട്. കുറച്ചുപേർ ഇതിന് താഴെ ഉണ്ണിയെ വിമർശിച്ചും പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.