‘ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി പൊണ്ടാട്ടി..’ – ദീപാവലി ആഘോഷിച്ച് നടൻ സൂര്യ

തമിഴ് സിനിമ മേഖലയിലെ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴിലെ ഒരു സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തി നിൽക്കുന്ന സൂര്യ ഇങ്ങ് കേരളത്തിലും ഒരുപാട് ആരാധകരുള്ള ഒരു നടനാണ്. സിനിമയിൽ ജോഡികളായി അഭിനയിച്ച് പിന്നീട് ജീവിതത്തിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച താരദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. സൂര്യയുടെ അനിയൻ കാർത്തിയും സിനിമയിൽ താരമാണ്.

സൂര്യയും ജ്യോതികയും ഒന്നിച്ചുള്ള ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വന്നാൽ പൊതുവേ നിമിഷനേരം കൊണ്ട് തന്നെ അത് തരംഗമായി മാറാറുണ്ട്. സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പോസ്റ്റർ ദീപാവലി ദിനത്തിൽ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ജ്യോതികയ്ക്ക് ഒപ്പം ദീപാവലി ആഘോഷിക്കുന്ന ഒരു മനോഹരമായ ഫോട്ടോയും സൂര്യ പങ്കുവച്ചിട്ടുണ്ടായിരുന്നത് വൈറലായി മാറി.

“ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി പൊണ്ടാട്ടി..”, എന്ന തലക്കെട്ടോടെയാണ് സൂര്യ ഭാര്യയ്ക്ക് ഒപ്പമുള്ള ആ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. സൂപ്പർ ജോഡി, കപ്പിൾ ഗോൾസ് തുടങ്ങിയ നിരവധി നല്ല കമന്റുകൾ വരുന്നതിന് ഒപ്പം ഇരുവർക്കും ദീപാവലി ആശംസകൾ നേർന്നും ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്. സൂര്യ മാത്രമല്ല, ജ്യോതികയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഹാപ്പി ദീപാവലി’ എന്ന ക്യാപ്ഷനോടെയാണ് ആരാധകർക്ക് വിഷ് ചെയ്തു ജ്യോതിക ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2006-ലാണ് സൂര്യയും ജ്യോതികയും തമ്മിൽ വിവാഹിതരാകുന്നത്. 2007-ന് ശേഷം ജ്യോതിക സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. 2015-ൽ ജ്യോതിക തിരിച്ചുവരവ് നടത്തുകയും ചെയ്തു. മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ കാതൽ എന്ന സിനിമയിൽ അഭിനയിച്ചിട്ട് ഇരിക്കുകയാണ് ജ്യോതിക. ഈ മാസം സിനിമ റിലീസ് ചെയ്യും.