‘എൻ്റെ ഭാര്യയോടൊപ്പം മറ്റൊരു വിസ്മയകരമായ വർഷം, രാധികയെ മടിയിൽ ഇരുത്തി സുരേഷ് ഗോപി..’ – ഏറ്റെടുത്ത് മലയാളികൾ

നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഒരുപാട് ആരാധകരുള്ള ഒരാളാണ്. 37 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സുരേഷ് ഗോപി, രാഷ്ട്രീയ ഇറങ്ങി തുടക്കത്തിൽ കുറച്ച് വർഷം മാത്രമാണ് സിനിമയിൽ അഭിനയിക്കാതെ ഇരുന്നത്. ഈ കാലയളവിലും അദ്ദേഹം ടെലിവിഷൻ മേഖലയിൽ ചില പ്രോഗ്രാമുകളിലൂടെ നിറഞ്ഞ് നിന്നിട്ടുമുണ്ട്. 2020 വീണ്ടും സിനിമയിൽ അദ്ദേഹം സജീവമായി.

അന്തരിച്ച നടി ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക നായരെയാണ് സുരേഷ് ഗോപി വിവാഹം ചെയ്തത്. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വാഹനാപകടത്തിൽ മരിച്ച ഒരു മകൾ ഉൾപ്പടെ അഞ്ച് മക്കളാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഇപ്പോഴിതാ വിവാഹിതനായിട്ട് മുപ്പത്തിനാല് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ സന്തോഷം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.

“എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു വിസ്മയകരമായ വർഷം ആഘോഷിക്കുന്നു! വാർഷിക ആശംസകൾ, സ്നേഹം.. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ..”, ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചു. രാധികയെ മടിയിൽ ഇരുത്തിയിരിക്കുന്ന ഒരു ഫോട്ടോയാണ് ഈ സ്പെഷ്യൽ ദിനത്തിൽ സുരേഷ് ഗോപി പോസ്റ്റ് ചെയ്തത്.

ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. ജ്യോതികൃഷ്ണ, സാധിക വേണുഗോപാൽ, രാധിക, ദീപ്തി വിധുപ്രതാപ്, റിമി ടോമി തുടങ്ങിയവർ സുരേഷ്‌ ഗോപിക്കും ഭാര്യയ്ക്കും ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. പാവങ്ങളുടെ സങ്കടങ്ങളും പ്രശ്നങ്ങളും പരിഹാരം കാണുന്ന സുരേഷേട്ടനെ പോലെയൊരാളെ ഭർത്താവായി കിട്ടിയതിൽ രാധിക ചേച്ചി ഭാഗ്യം ചെയ്തയാൾ ആണെന്ന് ആരാധകരിൽ ഒരാൾ കമന്റ് ഇട്ടിട്ടുണ്ട്.