‘കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ ക്ഷണിക്കും..’ – ഐക്യദാർഢ്യം അറിയിച്ച് സുരേഷ് ഗോപി

കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന് എതിരെ വർണ വിവേചനപരമായ പരാമർശം ഈ കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ നടത്തിയിരുന്നു. ഇതിന് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. രാമകൃഷ്ണനെ തന്റെ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിൽ മോഹിനിയാട്ടം കളിക്കാൻ വിളിക്കുമെന്നും ശമ്പളം കൊടുത്ത് തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“ഇരുപത്തിയെട്ടാം തീയതി എന്റെ അടുത്തുള്ള ക്ഷേത്രത്തിലെ ചിറപ്പാണ്. എന്റെ നക്ഷത്രമാണ് ചോതി. എല്ലാ വർഷവും എന്റെ അച്ഛനും അപ്പുപ്പന്മാര് തൊട്ട് ഒരു ദിവസം ഞങ്ങളുടെ ചിറപ്പാണ്. ഞാൻ അത് ഏറ്റെടുത്തതിന് ശേഷം എന്റെ നക്ഷത്രത്തിനാണ് ഞാൻ ചെയ്യുന്നത്. എന്റെ അച്ഛൻ നിർമ്മിച്ച സ്റ്റേജിൽ രാമകൃഷ്ണനെ കൊണ്ടുവന്ന് മോഹിനിയാട്ടം കളിപ്പിക്കാൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്.

അദ്ദേഹം അന്ന് ഫ്രീ ആണെങ്കിൽ അദ്ദേഹത്തിന് ടീമുണ്ടെങ്കിൽ, അവർക്ക് കൊടുക്കേണ്ട ശമ്പളം കൊടുത്ത് അത് ചെയ്യിക്കും. എന്റെ നടപടികൾ അങ്ങനെയാണ്. ഞാൻ അതാണ് ആഗ്രഹിക്കുന്നത്. ഇന്നലെ ഒരുപാട് തവണ ഞാൻ അദ്ദേഹത്തെ വിളിച്ചു. അല്ലാതെ പബ്ലിക്കായി വന്ന് ഇങ്ങോട്ടും എറിഞ്ഞ് അങ്ങോട്ട് എറിഞ്ഞ് ആ കളിക്ക് എന്നെ വിളിക്കരുത്. ഇലെക്ഷനിലും ഞാൻ എന്റെ കാര്യം പറയാനാണ് ഉദ്ദേശിക്കുന്നത്. താരതമ്യപഠനം ഒന്നുമല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ എടുത്ത് ചില പുകമറ സൃഷ്ടിക്കും.

ഇതെല്ലാം നിയമപരമായി നേരിടേണ്ട വിഷയമാണ്. പല കാര്യങ്ങൾ ചർച്ചയിൽ നിന്ന് പോയില്ലേ? അവരൊക്കെ അതാണ് ആഗ്രഹിക്കുന്നത്. ഇത് കൊണ്ടുവന്ന് ഇലെക്ഷനിൽ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചില കാര്യങ്ങൾ മറച്ചുവെക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. അതിന് തൊട്ട് തലേദിവസം വരെ എന്നെ ക്രൂശിക്കാൻ ഒരു ശ്രമം നടന്നിരുന്നു. ക്രൂശിക്കാൻ വന്നതിന് മുമ്പ് തന്നെ ഉയർത്ത് എഴുനെപ്പ് ഉണ്ടായതോടെ അത് മൂടികെട്ടേണ്ട അവസ്ഥ കൂടി ഉണ്ടായി..”, സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ആ ദിവസം വേറെ പരിപാടി ഉളളതുകൊണ്ട് പങ്കെടുക്കാൻ പറ്റില്ലെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സിനിമ മേഖലയിൽ നിന്ന് ഒരാൾ വിളിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പക്ഷേ നേരത്തെ ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സുരേഷ് ഗോപി ക്ഷണിച്ചതുകൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പെട്ടന്ന് എങ്ങനെ ആ തീരുമാനം മാറ്റിയെന്നത് വ്യക്തമാക്കിയില്ല രാമകൃഷ്ണൻ. ഇതോടെ അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെനും ചിലർ ആരോപിച്ചിട്ടുണ്ട്.