‘ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു!! നടി സ്നേഹ ശ്രീകുമാർ അമ്മയായി..’ – സന്തോഷം പങ്കുവച്ച് താരം

സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടി സ്നേഹ ശ്രീകുമാർ അമ്മയായി. സിനിമ, സീരിയൽ നടനായ എസ്.പി ശ്രീകുമാറാണ് ഭർത്താവ്. തങ്ങൾ ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷ വിവരം ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ്‌ പങ്കുവച്ചിരിക്കുന്നത്. നടി വീണാനായർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സ്നേഹയും പങ്കുവച്ചിരിക്കുന്നത്.

“വിലയേറിയ നിമിഷം.. ഞങ്ങൾ ഒരു ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു..”, സ്നേഹ വീഡിയോടൊപ്പം കുറിച്ചു. സ്നേഹ ലേബർ റൂമിലേക്ക് പോകുന്നതിന്റെയും പിന്നീട് പ്രസവത്തിന് ശേഷം ശ്രീകുമാർ കുഞ്ഞിനെ കൈയിൽ പിടിച്ചുനിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ശ്രീകുമാർ അറിയിച്ചിട്ടുണ്ട്.

യൂട്യൂബിൽ സജീവമായ സ്നേഹ, ഗർഭിണി ആയിരിക്കുമ്പോൾ മുതലുള്ള വിശേഷങ്ങൾ അതിൽ പങ്കുവെക്കാറുണ്ട്. വളക്കാപ്പ് ചടങ്ങ്, ഒമ്പതാം മാസത്തിലെ ചടങ്ങ്, ഹോസ്പിറ്റൽ കിറ്റ്, അഡ്മിറ്റ് ആകുന്നതിന് മുമ്പുള്ള കാര്യങ്ങൾ എല്ലാം ഓരോ വീഡിയോയായി സ്നേഹ ചെയ്യാറുണ്ടായിരുന്നു. സീ കേരളത്തിലെ വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന കോമഡി സീരിയലിലാണ് സ്നേഹ അഭിനയിച്ചുകൊണ്ടിരുന്നത്.

ശ്രീകുമാർ ആകട്ടെ, ഫ്ലാവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. അതിന്റെ രണ്ടാം സീസൺ ആണ് നടക്കുന്നത്. ഇത് കൂടാതെ സിനിമകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. 2019-ലായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. സ്നേഹ നേരത്തെ വിവാഹിത ആയിരുന്നെങ്കിലും ആ ബന്ധം വേർപിരിഞ്ഞിരുന്നു. ശ്രീകുമാറിന്റെ ആദ്യ വിവാഹമായിരുന്നു.